തമിഴകത്തിന്റെ സ്റ്റൈൽ മന്നന് സ്പെഷ്യൽ സമ്മാനമൊരുക്കി ചെന്നെയിൻ എഫ് സി..!

March 3, 2018

തമിഴകത്തിന്റെ  സ്റ്റൈൽ മന്നൻ രജനികാന്തിന് പ്രത്യേക സമ്മാനമൊരുക്കി ഐ എസ് എൽ ടീം ചെന്നൈയിൻ എഫ് സി. ഇന്ന് ചെന്നൈയിൽ വെച്ച് മുംബൈ സിറ്റി എഫ് സി യെ നേരിടുന്നതിന് മുൻപ് രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ ‘കാലാ’  യുടെ   ടീസ്ർ മൈതാനത്തെ വലിയ സ്‌ക്രീനിൽ പ്രദർശിപ്പിച്ചുകൊണ്ടാണ്  ചെന്നൈയിൻ തങ്ങളുടെ ഇഷ്ട നടനോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നത്. ചെന്നൈയിൻ എഫ് സിയുടെ  ട്വിറ്ററിലൂടെയാണ്  ടീം അധികൃതർ പ്രത്യേക ടീസർ പ്രദർശന വിവരം അറിയിച്ചത്.

ഐഎസ് എൽ ചരിത്രത്തിലാദ്യമായാണ് ഒരു ടീം ഫിലിം പ്രൊമോഷനു വേണ്ടി പ്രത്യേക പ്രദർശനം സംഘടിപ്പിക്കുന്നത് . 17 മത്സരങ്ങളിൽ നിന്നും 29 പോയിന്റുമായി പട്ടികയിൽ മൂന്നാം സ്ഥാനത്തു നിൽക്കുന്ന ചെന്നൈയിൻ പ്ലേ ഓഫിലേക്ക് നേരെത്തെ യോഗ്യത നേടിയിരുന്നു.

പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘കാലാ’യിൽ  ഹുമ ഖുറേഷി, അഞ്ജലി പാട്ടിൽ, സമർത്ഥകാനി, പങ്കജ് ത്രിപതി എന്നിവരും  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കബാലിക്ക് ശേഷം രജനികാന്തും പാ രഞ്ജിത്തും ഒന്നിക്കുന്ന ചിത്രം ഏപ്രിൽ 27  നു തീയേറ്ററുകളിലെത്തും. കരികാലൻ എന്ന ടാഗ്‌ലൈനുമായെത്തുന്ന ചിത്രം മുംബൈ അധോലോകത്തിന്റെ കഥയാണ് പറയുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സന്തോഷ് നാരായണൻ സംഗീതവും ശ്രീകർ പ്രസാദ് എഡിറ്റിംഗും നിർവഹിക്കുന്ന ‘കാലാ’യിൽ സ്റ്റണ്ട് രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് ദിലീപ് സുബ്രഹ്മണ്യനാണ്.