കാളിയനിൽ പ്രിഥ്വിക്കൊപ്പം നിർണായക കഥാപാത്രമായി സത്യരാജും..!

March 1, 2018


പൃഥ്വിരാജ് കാളിയൻ എന്ന ചരിത്ര പുരുഷനായി അവതരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘കാളിയനി’ൽ  നിർണായക കഥാപാത്രവുമായി സത്യരാജും എത്തുന്നു.. ഇതിഹാസ ചിത്രം ബാഹുബലിയിലെ കട്ടപ്പയായി  പേക്ഷകരെ ത്രസിപ്പിച്ച സത്യരാജ് വീണ്ടുമൊരു ചരിത്ര സിനിമയുമായി പൃഥ്വിരാജിനൊപ്പം കൈകോർക്കുന്നുവെന്ന വാർത്ത മലയാള സിനിമാ ലോകത്തെ ഒന്നടങ്കം ആകാംക്ഷയിലാഴ്ത്തുന്നു. ചിത്രത്തിൽ ഏതു വേഷത്തിലായിരിക്കും സത്യരാജ് എത്തുകയെന്ന് വെളിപ്പെടുത്തിയിട്ടില്ല..
വേണാട്ടരചൻ വീര രവിവർമ്മയുടെ വലിയ പടത്തലവനായിരുന്ന ഇരവിക്കുട്ടി പിള്ളയുടെ  ആത്മമിത്രം കാളിയന്റെ കഥ പറയുന്ന ചിത്രത്തിനു വേണ്ടി  ലോക സിനിമയിലെ തന്നെ പ്രഗത്ഭരായ സാങ്കേതിക പ്രവർത്തകർ അണിനിരക്കുന്ന സംഗമായിരിക്കും അണിയറയിൽ പ്രവർത്തിക്കുക.
സൂപ്പർ ഹിറ്റ് ചിത്രങ്ങളായ ‘ഓർഡിനറി’, ‘അനാർക്കലി’ എന്നിവയ്ക്ക് ശേഷം മാജിക് മൂൺ ക്രീയേഷന്സിന്റെ ബാനറിൽ രാജീവ് നായരാണ് ചിത്രം നിർമിക്കുന്നത്. നവാഗതനായ എസ് മഹേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ബി ടി അനിൽ കുമാറാണ്.ഇന്ത്യൻ സിനിമയിലെ വിഖ്യാത സംഗീത ത്രയങ്ങളായ ശങ്കർ-എഹ്സാൻ-ലോയ് ഇതാദ്യമായി മലയാളത്തിൽ സംഗീത സംവിധായകനാകുന്നു എന്ന പ്രത്യേകതയും കാളിയനുണ്ട്.ദേശീയ പുരസ്‌കാര ജേതാവായ ഷജിത് കോയേരി ശബ്ദ സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സുജിത് വാസുദേവാണ്.