പന്ത് ചുരണ്ടൽ വിവാദം; സ്മിത്തിനും വാർണർക്കും ഒരു വർഷവും ബെൻ ക്രോഫ്റ്റിന് 9 മാസവും വിലക്ക്;

March 28, 2018

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിനിടെ പന്തിൽ ക്രിത്രിമം കാണിക്കാൻ നിർദ്ദേശം നൽകിയ ഓസ്‌ട്രേലിയൻ നായകൻ സ്റ്റീവൻ സ്മിത്തിനും ഉപനായകൻ ഡേവിഡ് വാർണർക്കും ഒരു വർഷത്തെ വിലക്ക്..നായകരുടെ ഉപദേശപ്രകാരം സാൻഡ് പേപ്പർ കൊണ്ട് പന്ത് ചുരണ്ടിയ യുവതാരം ബെൻക്രോഫ്റ്റിന് 9 മാസവും വിലക്കേർപ്പെടുത്തി.പന്ത് ചുരണ്ടൽ വിവാദം വിശദമായി അന്വേഷിച്ച ക്രിക്കറ്റ് ഓസ്‌ട്രേലിയയാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്.

പന്തിൽ കൃതൃമം കാണിച്ചതിന് സ്റ്റീവ് സ്മിത്തിന് ഒരു മത്സരത്തിൽ വിലക്കും മാച്ച് ഫീയുടെ 100 ശതമാനം  പിഴയും ബെൻ ക്രോഫ്റ്റിന്  മാച്ച് ഫീയുടെ 75 ശതമാനം പിഴയും ചുമത്തിക്കൊണ്ട്  ഐസിസിയും നേരെത്തെ  ശിക്ഷ വിധിച്ചിരുന്നു ..എന്നാൽ കുറ്റം സംശയാതീതമായി പുറത്തുവന്നതോടെ സംഭവം  ആസ്ട്രേലിയൻ ക്രിക്കറ്റിന് തന്നെ കളങ്കമുണ്ടാക്കിയെന്നാണ് സർക്കാർ നിലപാട്.രാജ്യത്തിനകമാനം നാണക്കേടുണ്ടാക്കിയ സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നടപടിയെടുക്കാൻ ക്രിക്കറ്റ് ഓസ്‌ട്രേലിയയോട് ഓസ്‌ട്രേലിയൻ പ്രധാന മന്ത്രി മാൽകം ടേൺബുൾ നിർദ്ദേശിച്ചിരുന്നു.

സംഭവത്തെക്കുറിച്ച് അന്വേഷിച്ച ക്രിക്കറ്റ് ഓസ്‌ട്രേലിയ സ്റ്റീവൻ സ്മിത്ത്, ഡേവിഡ്  വാർണർ, ബെൻക്രോഫ്റ്റ്  എന്നിവർ കുറ്റക്കാരാണെന്ന് കണ്ടെത്തുകയായിരുന്നു.എന്നാൽ മൂവർക്കും പുറമെ പരിശീലകൻ ഡാരൻ ലീമാനോ മറ്റു സഹ കളിക്കാ ർക്കോ സംഭവവുമായി ബന്ധമില്ലെന്നും പന്തു ചുരണ്ടലിനെക്കുറിച്ച് നേരെത്തെ അറിവില്ലായിരുന്നുവെന്നും ക്രിക്കറ്റ് ആസ്ട്രേലിയ വ്യക്താമാക്കി.

ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ വിലക്ക് നിലവിൽ വന്നതോടെ സ്മിത്തിനും വാർണർക്കും ഇത്തവണത്തെ ഐപിഎൽ കളിയ്ക്കാൻ കഴിയില്ല..വിലക്ക് നിലനിൽക്കേ  ക്രിക്കറ് ഓസ്‌ട്രേലിയയിൽ നിന്നും എൻഓസി ലഭിക്കില്ലെന്നതുകൊണ്ടാണ് ഇരുവർക്കും ഇത്തവണത്തെ ഐപി എൽ നഷ്ടമാകുന്നത്. ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ് വിലക്കേർക്കെടുപ്പെത്തിയ താരങ്ങൾക്ക് ഐപി എല്ലിൽ പങ്കെടുക്കാനാകില്ലെന്ന് ബിസിസിഐയും അറിയിച്ചു.

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിനിടെയാണ് ക്രിക്കറ്റ് ലോകത്തെ പിടിച്ചു കുലുക്കിയ പന്ത് ചുരണ്ടൽ വിവാദം അരങ്ങേറുന്നത്.മത്സരത്തിന്റെ 43ാം ഓവറിൽ പന്തിന്റെ ഘടന മാറ്റാൻ വേണ്ടി ബെൻ ക്രോഫ്റ്റ് സാൻഡ് പേപ്പർ ഉപയോഗിച്ച് പന്ത് ചുരണ്ടുകയായിരുന്നു. കൃതൃമം കാണിക്കുന്ന രംഗങ്ങൾ തത്സമയം ക്യാമറയിൽ പതിഞ്ഞതോടെയാണ് സംഭവം വിവാദമായത്.  മത്സരത്തിനിടെ ഫീൽഡ് അമ്പയർമാർ ബെൻ ക്രോഫ്റ്റിനെ ചോദ്യം ചെയ്‌തെങ്കിലും കൃതൃമം കാണിച്ചിട്ടില്ലെന്നായിരുന്നു താരത്തിന്റെ മറുപടി.എന്നാൽ  മത്സരശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ നായകൻ സ്റ്റീവൻ സ്മിത്ത് കുറ്റസമ്മതം നടത്തിയതോടെ ക്രിക്കറ്റ് ലോകം ഒന്നടങ്കം ഓസ്‌ട്രേലിയയ്‌ക്കെതിരാവുകയായിരുന്നു.  മത്സരത്തിൽ പരാജയപ്പെടാതിരിക്കാൻ അറ്റകൈ പ്രയോഗം നടത്തിയതാണെന്നയായിരുന്നു സ്മിത്തിന്റെ കുറ്റസമ്മതം. ടീം മാനേജ്മെന്റിന്റെ അറിവോടെയാണ് പന്തിൽ കൃതൃമം കാണിച്ചതെന്ന ആരോപണവുമായി നിരവധി താരങ്ങൾ രംഗത്തെത്തിയിരുന്നു.

ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ നെടുതൂണുകളായ സ്മിത്തിനും വാർണർക്കും ലഭിച്ച ഒരു വർഷത്തെ വിലക്ക് ഓസ്ട്രലിയൻ ടീമിന് കനത്ത ആഘാതമുണ്ടാക്കുമെന്ന കാര്യത്തിൽ സംശയമില്ല..എന്നാൽ തക്കതായ ശിക്ഷയിലൂടെ ആസ്ട്രേലിയൻ ക്രിക്കറ്റിന് നഷ്‌ടമായ പ്രതിച്ഛായ വീണ്ടെടുക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് സർക്കാർ.പക്ഷെ ക്രിക്കറ്റിന് തന്നെ അവമതിപ്പുണ്ടാക്കിയ പ്രവർത്തികൾക്ക് നേതൃത്വം നൽകിയ സ്മിത്തിനെയും വാർണറിനെയും ആജീവനാന്തം വിലക്കണമെന്നും നിരവധി താരങ്ങൾ ആവശ്യപ്പെട്ടിരുന്നു.