മമ്മൂട്ടിക്ക് ശേഷം ‘ഗ്രേറ്റ് ഫാദറാ’കാൻ വിക്രമും വെങ്കിടേഷും

March 13, 2018

2017 ൽ  പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ഗ്രേറ്റ് ഫാദർ തമിഴിലേക്കും തെലുങ്കിലേക്കും റീമേക്ക് ചെയ്യപ്പെടുന്നു. ഹനീഫ് അഥേനി സംവിധാനം ചെയ്ത മിസ്‌ട്രി ത്രില്ലർ ചിത്രത്തിന്റെ തമിഴ് പതിപ്പിൽ ചിയാൻ വിക്രമും തെലുങ്കിൽ വെങ്കിടേഷുമാണ് ഗ്രേറ്റ് ഫാദറായി പ്രേക്ഷകർക്ക് മുന്നിലെത്തുക.

നിലവിൽ ഹരി സംവിധാനം ചെയ്യുന്ന സാമി 2 വിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്  വിക്രം. ഗൗതം വാസുദേവ മേനോന്റെ ‘ധ്രുവനച്ചത്തിര’ത്തിനും  ആർ എസ് വിമൽ ഒരുക്കുന്ന മഹാവീർ കർണ്ണനും ശേഷമായിരിക്കും തമിഴകത്തിന്റെ ചിയാൻ വിക്രം ഗ്രേറ്റ് ഫാദറിലേക്കെത്തുക. ചിത്രത്തിന്റെ തമിഴ് പതിപ്പിൽ നായക വേഷം കൈകാര്യം ചെയ്യാൻ വിക്രം സമ്മതം മൂളിയതായാണ്  താരവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം.

ഗ്രേറ്റ് ഫാദർ തമിഴിലേക്ക് റീമേക്ക് ചെയ്യാനുള്ള ആഗ്രഹം നേരെത്തെ തന്നെ വെളിപ്പെടുത്തിയിരുന്ന വെങ്കിടേഷ് അധികം വൈകാതെ തന്നെ ഗ്രേറ്റ് ഫാദറായി സ്‌ക്രീനിലെത്തുമെന്നാണ് തെലുങ്ക് സിനിമാ മേഖലയിൽ നിന്നും പുറത്തുവരുന്ന വാർത്തകൾ.മോഹൻലാലിൻറെ ബ്ലോക്ക് ബസ്റ്റർ ചിത്രം ദൃശ്യത്തിന്റെ തെലുങ്ക് റീമേക്കിലും വെങ്കിടേഷ് തന്നെയായിരുന്നു നായകൻ.