“പുനർജ്ജന്മം നൽകിയ പ്രേക്ഷകർക്ക് നന്ദി”; കമ്മാര സംഭവം ഓഡിയോ ലോഞ്ചിൽ വികാരാധീനനായി ദിലീപ്
തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ കമ്മാര സംഭവത്തിന്റെ ഓഡിയോ ലോഞ്ചിൽ വികാരഭരിതമായ പ്രസംഗവുമായി നടൻ ദിലീപ്. 22 വർഷങ്ങൾ പിന്നിട്ട സിനിമാ ജീവിതത്തിൽ ഉയർച്ചയിലും താഴ്ച്ചയിലും കൂടെ നിന്ന മലയാള പ്രേക്ഷകർക്ക് നന്ദി പറഞ്ഞ ദിലീപ് തന്റെ ഇരുണ്ട കാലാഘട്ടങ്ങൾ ഓർത്തെടുത്തുകൊണ്ടാണ് വികാരാധീനനായത്.. ഇത് തന്റെ രണ്ടാം ജന്മത്തിലെ ആദ്യ വേദിയാണെന്നും പ്രേക്ഷകരെ വീണ്ടും കാണാൻ സാധിച്ചതിൽ ദൈവത്തിന് നന്ദി പറയുന്നുവെന്നും വികാരഭരിതമായ വാക്കുകളാൽ ദിലീപ് പറഞ്ഞു തുടങ്ങി..
”5 വ്യത്യസ്ത വേഷത്തിലാണ് ചിത്രത്തിൽ ഞാൻ പ്രത്യക്ഷപ്പെടുന്നത്..ഇതിൽ മൂന്നു ഗെറ്റപ്പുകളാണ് പ്രധാനം. ഷൂട്ടിംഗ് ഏറെ പുരോഗമിച്ചിട്ടും താടി വെച്ച ഗെറ്റപ്പ് എങ്ങനെ ആയിരിക്കണമെന്ന കാര്യത്തിൽ കൺഫ്യൂഷൻ ഉണ്ടായിരുന്നു..ആ സമയത്താണ് വലിയൊരു സുനാമിയിൽ പെട്ട് ജീവിതത്തിലെ മൂന്നു മാസങ്ങൾ നഷ്ടമായത്.ആ മൂന്നു മാസങ്ങൾ കൊണ്ട് ഉണ്ടാക്കിയെടുത്ത താടിയാണ് ഒരു ഗെറ്റപ്പിലുള്ളത്…” ദിലീപ് പറഞ്ഞു
സംവിധായകൻ രതീഷ് അമ്പാട്ടിന്റെ ക്ഷമയുടെ ഫലമാണ് ഈ ചിത്രം..കമ്മാര സംഭവത്തിനായി നിരവധി ചിത്രങ്ങൾ ഉപേക്ഷിച്ച സിദ്ധാർത്ഥിന്റെ നല്ല മനസ്സാണ് കമ്മാര സംഭവത്തെ യാഥാർഥ്യമാക്കിയത്..10 കോടിയിലധികം പണം ചിലവാക്കി നിൽക്കേ പടം പാതി വഴിയിൽ നിന്ന് പോയപ്പോഴും തന്നിൽ വിശ്വാസമർപ്പിച്ച നിർമ്മാതാവ് ഗോകുലം ഗോപാലനും ദിലീപ് നന്ദി പറഞ്ഞു..
സെൻസറിങ്ങിനായി സമർപ്പിക്കപ്പെട്ട ചിത്രം വിഷു റിലീസായി തിയേറ്ററുകളിൽ എത്തുമെന്ന് ദിലീപ് വ്യക്തമാക്കി. ഇന്ദ്രൻസ്, ബോബി സിംഹ നമിത പ്രമോദ്, ശ്വേതാ മേനോൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്..ബോക്സ് ഓഫീസിൽ വൻ വിജയം നേടിയ രാമലീലക്ക് ശേഷം സമാനമായ മറ്റൊരു സൂപ്പർ ഹിറ്റ് ചിത്രമായി കമ്മാര സംഭവവും മാറുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ മുടക്കുമുതൽ 20 കോടിയിലേറെയാണ്. ദിലീപിന്റെ വാക്കുകൾ കേൾക്കാം..