ചരിത്രമെഴുതിയ ‘കമ്മാര സംഭവം’ പിറന്നതിങ്ങനെയാണ്; അതിശയിപ്പിക്കുന്ന മേക്കിംഗ് വീഡിയോ കാണാം

April 27, 2018


തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ദിലീപ് ചിത്രം  കമ്മാര സംഭവത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടു. വ്യത്യസ്തമായ മൂന്നു  കാലഘട്ടങ്ങളുടെ കഥ പറയുന്ന ചിത്രത്തിനായി അണിയറ പ്രവർത്തകരും അഭിനേതാക്കളും നടത്തിയ  പരിശ്രമങ്ങളും കഷ്ടപ്പാടുകളും വ്യക്തമാക്കുന്നതാണ് 4 മിനുട്ടും 45 സെക്കൻഡും ദൈർഘ്യമുള്ള  മേക്കിങ് വീഡിയോ.

പ്രേക്ഷക- നിരൂപക പ്രശംസ നേടി മുന്നേറുന്ന കമ്മാര സംഭവം സംവിധാനം ചെയ്തിരിക്കുന്നത് രതീഷ് അമ്പാട്ടാണ്.  കൂറ്റൻ സെറ്റുകളും നൂതന സാങ്കേതിക വിദ്യകളുമെല്ലാം ഉപയോഗിച്ചുകൊണ്ടാണ് മൂന്നു കാലഘട്ടങ്ങളിലെ തികച്ചും വ്യത്യസ്തമായ കഥാ പശ്ചാത്തലങ്ങൾ ഉണ്ടാക്കിയെടുത്തിരിക്കുന്നത്. ചിത്രത്തിൽ തൊണ്ണൂറ്റിയാറുകാരനായ കമ്മാരന്റെ വാർധ്യക ദശയിലേക്ക് ദിലീപിനെ രൂപ മാറ്റം നടത്താൻ വേണ്ടി  ദിവസവും 5 മണിക്കൂറാണ് മേക്കപ്പിനായി ചിലവഴിച്ചിരുന്നത്. എന്‍.ജി. റോഷന്റെ നേതൃത്വത്തിലുള്ള പ്രോസ്തറ്റിക് മേക്കപ് സംഘമാണു ഈ രൂപ മാറ്റത്തിനു പിന്നില്‍. പ്രേക്ഷകരെ അതിശയിപ്പിച്ച വേഷപ്പകർച്ചയ്ക്ക് പിന്നിലെ നിമിഷങ്ങളും വിഡിയോയിൽ കാണാം

ദിലീപിന്റെ കരിയറിലെ ഏറ്റവു വലിയ ചിത്രമായ കമ്മാര സംഭവത്തിനായി തിരക്കഥയൊരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. ദിലീപിന് പുറമെ തമിഴ് നടൻ സിദ്ധാർഥും  ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.  ഇന്ദ്രൻസ്,  ബോബി സിംഹ നമിത പ്രമോദ്, ശ്വേതാ മേനോൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായി സ്‌ക്രീനിൽ എത്തുന്നത്..ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.മേക്കിങ് വീഡിയോ കാണാം.