പ്രകാശന്റെ കഥയുമായി ശ്രീനിവാസനും സത്യൻ അന്തിക്കാടും വീണ്ടും ഒന്നിക്കുന്നു; നായകനായി ഫഹദ് ഫാസിൽ

April 14, 2018


മലയാള സിനിമയ്ക്ക് നിരവധി സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച സത്യൻ അന്തിക്കാട്-ശ്രീനിവാസൻ ജോഡി വീണ്ടും ഒന്നിക്കുന്നു..ദാസനും വിജയനും, ഗോപാലകൃഷ്ണപ്പണിക്കരും, മുരളിയും, കാഞ്ചനയും, ശ്യാമളയും, തളത്തിൽ ദിനേശനുമൊക്കെ മലയാളത്തിന് സമ്മാനിച്ച ഹിറ്റ് ജോഡികൾ വീണ്ടും പുതിയ ചിത്രവുമായെത്തുന്ന വിവരം സത്യൻ അന്തിക്കാട് തന്റെ ഫേസ്ബുക്കിലൂടെയാണ് ലോകത്തെ അറിയിച്ചത്..’മലയാളി’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിലാണ് നായകനായി എത്തുന്നത്..

ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷം  ഏറ്റവും ഒടുവിലായി മാത്രം തന്റെ പടത്തിന്റെ പേര് കണ്ടെത്തുന്ന പതിവു ശൈലി ഉപേക്ഷിച്ചുകൊണ്ടാണ്   സത്യൻ അന്തിക്കാട് ‘മലയാളി’ എന്ന പേരിൽ തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്.. ഏറെ നാളത്തെ ആലോചനകൾക്ക് ശേഷമാണ് തങ്ങളുടെ പുതിയ ചിത്രത്തിനുള്ള കഥ ലഭിച്ചതെന്നും സത്യൻ അന്തിക്കാട് തന്റെ ഫേസ്ബുക് കുറിപ്പിലൂടെ പറയുന്നുണ്ട്.

‘ജോമോന്റെ സുവിശേഷങ്ങൾ’ക്ക് ശേഷം ഫുൾമൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാട് തന്നെയാണ് പുതിയ ചിത്രവും  നിർമ്മിക്കുന്നത്. സത്യൻ അന്തിക്കാടിന്റെ ഫേസ്ബുക് പോസ്റ്റ് വായിക്കാം..

എല്ലാവർക്കും സന്തോഷം നിറഞ്ഞ വിഷു ആശംസകൾ.

പുതിയ സിനിമയുടെ കഥയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ഞാനും ശ്രീനിവാസനും.
പല കഥകളും ആലോചിച്ചു.
പലതും ആരംഭത്തിൽ തന്നെ വിട്ടു.
“എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്ന്” ദാസനും വിജയനും പറഞ്ഞത് വെറുതെയല്ലല്ലോ.

ഒരു ദിവസം അതിരാവിലെ ഉറക്കമുണർന്ന് വരുമ്പോൾ, പുറത്തെ മുറിയിൽ ശ്രീനിവാസൻ ശാന്തനായി ഇരിക്കുന്നു.
“കഥ കിട്ടി”
ശ്രീനി പറഞ്ഞു.
“കഥക്ക് വേണ്ടി നമ്മൾ കാട് കേറി അലയേണ്ട കാര്യമൊന്നുമില്ല. നമുക്ക് ചുറ്റും തന്നെയുണ്ട് കഥാപാത്രങ്ങൾ.”
ദാസനും വിജയനും, ഗോപാലകൃഷ്ണപ്പണിക്കരും, മുരളിയും, കാഞ്ചനയും, ശ്യാമളയും, തളത്തിൽ ദിനേശനുമൊക്കെ നമ്മുടെ ചുറ്റുവട്ടത്ത് നിന്ന് ശ്രീനി കണ്ടെടുത്തവരാണ്.

“നമുക്ക് പ്രകാശന്റെ കഥ പറയാം. ഗസറ്റിൽ പരസ്യപ്പെടുത്തി, ‘പി ആർ ആകാശ്’ എന്ന് സ്വയം പേര് മാറ്റിയ പ്രകാശന്റെ കഥ.”
പറഞ്ഞു പറഞ്ഞ് ആ കഥ വികസിച്ചു.
അതാണ് ഞങ്ങളുടെ പുതിയ സിനിമ.
ഫഹദ് ഫാസിലാണ് പ്രകാശൻ.

‘ജോമോന്റെ സുവിശേഷങ്ങൾ’ക്ക് ശേഷം ഫുൾമൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാട് തന്നെ ഈ സിനിമയും നിർമ്മിക്കുന്നു.
ജൂലൈ ആദ്യവാരം ചിത്രീകരണം തുടങ്ങാം.
എസ്.കുമാർ ആണ് ഛായാഗ്രഹണം.
ഷാൻ റഹ്മാൻ സംഗീതമൊരുക്കുന്നു.

വൈകി പേരിടുന്ന സ്ഥിരം രീതിയും ഒന്ന് മാറ്റുകയാണ്.

‘മലയാളി’ എന്നാണ് സിനിമയുടെ പേര്