ഫെമിന മിസ് ഇന്ത്യയായി തമിഴ് സുന്ദരി..അനുക്രീതി വാസ്

June 20, 2018

55-മത് ഫെമിന മിസ് ഇന്ത്യ 2018 ആയി തമിഴ്നാട് സ്വദേശി അനുക്രീതി വാസ് തിരഞ്ഞെടുക്കപ്പെട്ടു. ഫസ്റ്റ് റണ്ണറപ്പായി ഹരിയാന സ്വദേശി മീനാക്ഷി ചൗധരിയും സെക്കന്റ് റണ്ണറപ്പായി ആന്ധ്രാപ്രദേശ് സ്വദേശി ശ്രേയ റാവുവും തിരഞ്ഞെടുക്കപ്പെട്ടു. 30 മത്സരാർഥികളെ പിന്തള്ളിക്കൊണ്ടാണ് അനുക്രീതി ഫെമിന മിസ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. 2017 ലെ ലോകസുന്ദരി മാനുഷി ഛില്ലറാണ് അനുക്രീതിയെ  കിരീടം ചൂടിച്ചത്.

ക്രിക്കറ്റ് താരങ്ങളായ ഇർഫാൻ പഠാൻ, കെ എൽ രാഹുൽ എന്നിവർക്കൊപ്പം ബോളിവുഡ് താരങ്ങളായ കുനാൽ കപൂർ, ബോബി ഡിയോൺ, മലൈക അറോറ, ഫാഷൻ ഡിസൈനർ ഗൗരവ് ഗുപത എന്നിവരും വിധി കർത്താക്കളായ വേദിയാണ് അനുക്രീതിയെ മിസ് ഇന്ത്യയായി തിരഞെടുത്തത്.

ചെന്നൈയിലെ ലയോള കോളേജിൽ ബിരുദ വിദ്യാർത്ഥിയാണ് 19 കാരിയായ അനുക്രീതി. 2018 ലെ ലോക സുന്ദരി പട്ടത്തിനായി അനുക്രീതിയായിരിക്കും ഇന്ത്യയെ പ്രതിനിധീകരിക്കുക.