‘ഒളിച്ചോടിയാൽ കൊല്ലുന്നത് ശത്രുക്കളല്ല..കൂട്ടത്തിലുള്ളവർ തന്നെയാ’;കുട്ടനാട്ടിലെ പോസ്റ്റ്മാന്റെ കഥയുമായി ‘ഭയാനകം’ ട്രെയ്ലർ പുറത്ത്.
‘ഒളിച്ചോടിയാൽ കൊല്ലുന്നത് ശത്രുക്കളല്ല..കൂട്ടത്തിലുള്ളവർ തന്നെയാണ് യുദ്ധത്തിൽ’ ..ദേശീയ പുരസ്കാരത്തിന് അർഹമായ ജയരാജിന്റെ ‘ഭയാനകം’ എന്ന സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങി. രഞ്ജി പണിക്കർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം തകഴിയുടെ കയർ എന്ന നോവലിലെ ഒരു ഭാഗത്തെ ആസ്പദമാക്കിയാണ്. കുട്ടനാടൻ ഗ്രാമത്തിലെ പോസ്റ്റുമാന്റെ ജീവിതകഥ പറയുന്നതാണ് ചിത്രം.
ചിത്രത്തിൽ പോസ്റ്റുമാനായി വേഷമിടുന്ന രഞ്ജി പണിക്കർ ആദ്യമായി നായകനായി എത്തുന്ന ചിത്രം കൂടിയാണ് ‘ഭയാനകം’ . ആശാ ശരത്, ഗിരീഷ് കാവാലം, സബിതാ ജയരാജ്, കുമരകം വാസവന്, ബിലാസ്, ഹരിശങ്കര്‍, പുതുമുഖങ്ങളായ വൈഷ്ണവി വേണുഗോപാൽ, ഗായത്രി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
സിനിമയുടെ ഛായഗ്രാഹകനായ നിഖിൽ എസ് പ്രവീണും ജയരാജിനൊപ്പം ദേശീയ പുരസ്കാരത്തിന് അർഹാനായിരുന്നു. പ്രകൃതി പിക്ചേഴ്സിന്റെ ബാനറിൽ ഡോ. സുരേഷ് കുമാറാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്.