‘കൂടെ’ പ്രിയതമയ്ക്ക് ആശംസകളുമായി ഫഹദ്; അഞ്ജലി മേനോൻ ചിത്രത്തിലൂടെ തിരിച്ചുവരവ് ആഘോഷമാക്കി നസ്രിയ

June 12, 2018

നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ നസ്രിയയ്ക്ക് ആശംസകളുമായി ഭർത്താവ് ഫഹദ് ഫാസിൽ. അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘കൂടെ’ യിലൂടെയാണ് നസ്രിയ തിരിച്ചുവരുന്നത്. പൃഥ്വിരാജ് നായകനായെത്തുന്ന ചിത്രത്തിൽ നസ്രിയയും പാർവതിയും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജൂലൈ 6 നായിരിക്കും ചിത്രം തിയേറ്ററുകളിലെത്തുക. സിനിമയിൽ പൃഥ്വിരാജിന്റെ സഹോദരിയായാണ്‌ നസ്രിയ എത്തുന്നത്. രഞ്ജിത് മാലാപർവതി എന്നിവരാണ് ഇരുവരുടെയും മാതാപിതാക്കളായി എത്തുന്നത്.

“നാലു വർഷമായി നസ്രിയ സിനിമയിൽ നിന്ന് മാറിനിൽക്കുകയായിരുന്നു, അവൾ മാറി നിന്നത് ഞങ്ങളുടെ നല്ല കുടുംബ ജീവിതത്തിന് വേണ്ടിയായിരുന്നു. ഇപ്പോൾ അവൾ സിനിമയിലേക്ക് തിരിച്ചുവരുന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്.ഈ  സിനിമയ്ക്കും  ഇതിലെ  പ്രവർത്തകർക്കും ആശംസകൾ നേരുന്നു”  ഫഹദ് പറഞ്ഞു.

ബാലതാരമായി സിനിമയിൽ എത്തിയ നസ്രിയ പിന്നീട് നായികയായി മാറുകയായിരുന്നു. അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാംഗ്ലൂർ ഡെയ്സിലും നസ്രിയ പ്രധാന കഥാപത്രത്തെ അവതരിപ്പിച്ചിരുന്നു. ‘ബാംഗ്ലൂർ ഡേയ്‌സ്’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം അഞ്‌ജലി മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്