കാൽപന്തുകളിയിലെ കറുത്ത മുത്ത് ഇനി വെള്ളിത്തിരയിലേക്ക്

June 11, 2018

ഇന്ത്യൻ ഫുട്ബാൾ ഇതിഹാസം ഐ എം വിജയൻറെ ജീവിത കഥ പറയുന്ന ചിത്രം അണിയറയിൽ ഒരുങ്ങുന്നു. വി പി സത്യന്റെ കഥപറയുന്ന ‘ക്യാപ്റ്റൻ എന്ന ചിത്രത്തിന് ശേഷം വെള്ളിത്തിരയിൽ ഒരുങ്ങുന്ന അടുത്ത ബയോ പിക് ചിത്രമാണിത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ക്യാപ്റ്റനായിരുന്ന വി പി സത്യനെ അവതരിപ്പിച്ചത് ജയസൂര്യയായിരുന്നു. അരുൺ ഗോപിയാണ് ചിത്രത്തിന്റെ ബയോപിക് ഒരുക്കുന്നത്. ദിലീപിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്ത രാമലീല വൻ വിജയമായിരുന്നു.

ബിഗ് ബഡ്ജറ്റിൽ  ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും സംവിധായകൻ  അരുൺ ഗോപിയാണ്. മലയാളത്തിലെ പ്രമുഖ നിർമ്മാണ കമ്പനിയായിരിക്കും ചിത്രത്തിന്റെ നിർമ്മാണവും നിർവഹിക്കുക. ചിത്രത്തിന്റെ പ്രാരംഭ പ്രവർത്തങ്ങൾ വർഷങ്ങൾക്ക് മുൻപേ തുടങ്ങിയിരുന്നതായും, പ്രണവ് മോഹൻലാലിനെ നായകനാക്കി ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന ചിത്രത്തിന് ശേഷം, ഐ എം വിജയൻറെ ജീവിത കഥ പറയുന്ന സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും അരുൺ ഗോപി പറഞ്ഞു.

ചിത്രത്തിൽ ഐ എം വിജയനെ അവതരിപ്പിക്കുന്നത് ആരാണെന്ന് വ്യക്തമാകാത്ത അദ്ദേഹം മലയാളത്തിലെ പ്രമുഖ യുവതാരം ആയിരിക്കും വിജയൻറെ ജേഴ്‌സി അണിയുക എന്നും ചിത്രത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും അറിയിച്ചു.