‘കൂടെ നിന്നവർക്കെല്ലാം നന്ദി’; ഹൃദയ ഭേദകമായ കുറിപ്പുമായി ഇർഫാൻ ഖാൻ

June 27, 2018

 

നിരവധി മികച്ച സിനിമകളിലൂടെ ലോകസിനിമയെ തന്നെ ഞെട്ടിച്ച ബോളിവുഡ് താരം ഇർഫാൻ ഖാൻ ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി അവാർഡിലെ മികച്ച നടനായി കഴിഞ്ഞ ദിവസം തിരഞ്ഞെടുക്കപെട്ടിരുന്നു. ‘ഹിന്ദി മീഡിയം’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് താരം മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്. ക്യാൻസർ ബാധിതനായി വിദേശത്ത് ചികിത്സയിൽ കഴിയുന്ന ഇർഫാനെത്തേടിയെത്തിയ അവാർഡിൽ കൂടെ നിന്ന എല്ലാവർക്കും നന്ദി പറഞ്ഞിരിക്കുകയാണ് താരം. ‘യാത്രയിൽ കൂടെ നിന്ന എല്ലാ പ്രേക്ഷകർക്കും ആരാധകർക്കും പിന്നെ ഐ ഐ എഫ് എ യ്ക്കും നന്ദി’യെന്നാണ് താരം ട്വീറ്റ് ചെയ്തിരിക്കുന്നത്.

ബോളിവുഡിലെ ഏറ്റവും വലിയ അവാർഡ് നിശ ബാങ്കോക്കിലെ  സിയാം നിറമേത് തിയേറ്ററിലാണ് അരങ്ങേറിയത്. 19-മത് അവാർഡ് നിശയിൽ മികച്ച നടിയായി അന്തരിച്ച ശ്രീദേവിയും തിരഞ്ഞെടുക്കപെട്ടു.മോം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ശ്രീദേവി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്.

കഴിഞ്ഞ ജൂണിലാണ് ന്യൂറോ എൻട്രോക്രൈം എന്ന അസുഖം ഇർഫാൻ ഖാനെ ബാധിച്ചത്. താരം തന്നെയാണ് രോഗത്തെക്കുറിച്ചുള്ള വിവരം സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയത്. പിന്നീട് ചികിത്സയുടെ ഭാഗമായി അദ്ദേഹം വിദേശത്തേക്ക് പോകുകയായിരുന്നു. ചികിത്സയിൽ കഴിയുന്നതിനിടെ കഴിഞ്ഞ ദിവസം ഹൃദയ ഭേദകമായ കുറിപ്പ് അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. അതേസമയം ഇർഫാൻ രോഗത്തിൽനിന്നും മുക്തിനേടി വരികയാണെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. താരത്തിന് വേണ്ടി ചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ് അവാർഡ് സ്വീകരിച്ചത്.