മഴവെള്ള പാച്ചിലിലും മാതൃകയായി കേരള പൊലീസ്; അതിസാഹസികമായ രക്ഷാപ്രവർത്തന വീഡിയോ കാണാം

June 12, 2018

അതിശക്തമായ കാറ്റിലും മഴയിലും പെട്ട് ഒറ്റപ്പെട്ടുപോയ  കോതമംഗലം മണികണ്ഠൻ ചാൽ, കല്ലുമേട്‌ ഗ്രാമങ്ങളിൽ അതിസാഹസീകമായ രീതിയിൽ രക്ഷാപ്രവർത്തനം നടത്തി മാതൃകയായിരിക്കുകയാണ് കുട്ടമ്പുഴ പോലീസ് സ്റ്റേഷനിലെ പോലീസുകാർ. കനത്ത മഴയെത്തുടർന്ന് റോഡും പാലങ്ങളും കവിഞ്ഞൊഴുകിയതോടെ ഗതാഗതം തടസ്സപ്പെട്ട  ഗ്രാമങ്ങിലേക്ക് പോലീസ് വാഹനം  ഓടിച്ച് കയറ്റുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

കോതമംഗലത്തോട് ചേർന്ന് സ്ഥിതിചെയ്യുന്ന പൂയം കുറ്റി  പുഴ കര കവിഞ്ഞൊഴുകിയതിനെത്തുടർന്ന് ഇവിടെ  കടത്ത് നിർത്തി. ഇതോടെ  തികച്ചും ഒറ്റപ്പെട്ടുപോയ ആദിവാസി ഊരുകളിലെക്കാണ് രക്ഷാപ്രവർത്തനുമായി പോലീസ് ഉദ്യോഗസ്ഥർ എത്തിയത്. ഞായറാഴ്ച പ്രദേശവാസിയായ യുവതിയുടെ കല്യാണം നടക്കാനിരിക്കെ മഴവെള്ളം പൊങ്ങിയതിനെത്തുടർന്ന് ഗതാഗതം നിശ്ചലമായതോടെ കല്യാണത്തിന് പോകാനാകാതെ കുടുങ്ങിക്കിടന്നവർക്കിടയിലേക്കാണ് രക്ഷാപ്രവർത്തകരായി പോലീസുകാരെത്തിയത്.