‘ടേക്ക് ഓഫ്’ സംവിധായകൻ മഹേഷ് നാരായണന്റെ പുതിയ ചിത്രത്തിൽ നായകൻ ദുൽഖർ..

June 30, 2018


മലയാളത്തിൽ ഏറെ പ്രശംസ ആകർഷിച്ച ‘ടേക്ക് ഓഫ്’ എന്ന ചിത്രത്തിന് ശേഷം മഹേഷ് നാരായണൻ സംവിധായക വേഷത്തിലെത്തുന്ന പുതിയ ചിത്രം ഉടൻ.  മലയാളികളുടെ പ്രിയങ്കരനായ ദുൽഖർ സൽമാനായിരിക്കും ചിത്രത്തിൽ നായകനായെത്തുക. ‘പറവ’ എന്ന ചിത്രത്തിന് ശേഷം ഹിന്ദിയിലും തെലുങ്കിലും തമിഴിലുമായി തിളങ്ങിയ താരം ചെറിയ ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്കെത്തുന്ന ചിത്രം കൂടിയായിരിക്കും ഇത്. മഹേഷ് നാരായണന്റെ പുതിയ ചിത്രത്തെക്കുറിച്ചുള്ള മറ്റ് വിശേഷങ്ങളൊന്നും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. നിലവിൽ ദുൽഖറിന്റെതായി മൂന്ന് മലയാളം ചിത്രങ്ങളാണ് വരാനുള്ളത്.

ശ്രീനാഥ് രാജേന്ദ്രന്റെ സുകുമാരക്കുറുപ്പ് എന്ന ചിത്രത്തിന് പുറമെ സലാം ബുഖാരി, മിഥുൻ മാനുവൽ തോമസിസ് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രവും ദുൽഖർ ആരാധകർക്ക്  ഏറെ പ്രതീക്ഷ നൽകുന്നതാണ്. ഈ ചിത്രത്തിൽ കോളേജ് അധ്യാപകനായാണ് ദുൽഖർ വേഷമിടുന്നത്. ‘അമർ അക്ബർ അന്തോണി’, ‘കട്ടപ്പനയിലെ ഋഥ്വിക് റോഷൻ’ എന്നീ ചിത്രങ്ങൾക്ക് തിരക്കഖയൊരുക്കിയ വിഷ്​ണു ഉണ്ണികൃഷ്​ണൻ, ബിബിൻ ജോർജ്​ ടീമിന്റെ പുതിയ ചിത്രത്തിലും ദുൽഖർ നായകനായെത്തുമെന്നാണ് സൂചന.

‘കണ്ണും കണ്ണും കൊള്ളയടിത്താൽ’ എന്ന തമിഴ്​ചിത്രത്തി​​​​ന്റെ  അവസാന ഷെഡ്യൂളിലാണ്​ ദുൽഖറിപ്പോൾ.  രാ കാർത്തിക്കിന്റെ ‘വാൻ’ എന്ന ചിത്രത്തിൽ ഡബിൾ റോളിലായിരിക്കും ദുൽഖർ വേഷമിടുക. ബിഗ് ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രം അടുത്ത വർഷം ആരംഭിക്കുമെന്നാണ് സൂചന. ബോളിവുഡിൽ സോനം കപൂറുമൊത്തുള്ള ‘ദി സോയ ഫാക്​ടർ’ എന്ന ചിത്രത്തി​ന്റെ പ്രീ പ്രൊഡക്ഷൻ ജോലികളും നടന്നുകൊണ്ടിരിക്കുകയാണ്.