‘യാത്രയിൽ’ ഇനി മമ്മൂട്ടിക്കൊപ്പം സുഹാസിനിയും; പഴയ താരജോഡികൾ വീണ്ടും വെള്ളിത്തിരയിലൊന്നിക്കുന്നു…

June 25, 2018

ഒരു കാലത്തെ മലയാളി പ്രേക്ഷകരുടെ ഇഷ്ട താരജോഡികൾ മമ്മൂട്ടിയും സുഹാസിനിയും വീണ്ടും ഒന്നിക്കുന്നു. 80, 90 കാലഘട്ടങ്ങളിൽ മലയാള സിനിമയിൽ നിറഞ്ഞ സാന്നിധ്യമായിരുന്ന ഇരുവരും ചേർന്ന് മലയാളികൾക്ക് സമ്മാനിച്ചത് ഒരു പിടി നല്ല ഓർമ്മകളായിരുന്നു. കഥ ഇതുവരെ, കൂടെവിടെ, എന്റെ ഉപാസന, പ്രാണം, രാക്കുയിലിന്‍ രാഗസദസ്സില്‍ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരജോഡികൾ നീണ്ട ഇടവേളയ്ക്ക് ശേഷം വെള്ളിത്തിരയിൽ ഒന്നിക്കുമ്പോൾ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

മാഹി രാഘവ് സംവിധാനം ചെയ്യുന്ന, ‘വൈഎസ് ആറിന്റെ ജീവിതകഥ പറയുന്ന ‘യാത്ര’ എന്ന തെലുങ്ക് ചിത്രത്തിലാണ് സുഹാസിനി മമ്മൂട്ടിക്കൊപ്പം വേഷമിടുന്നത്. 30 കോടി  ബജറ്റിൽ ഒരുങ്ങുന്ന ചിത്രം വിജയ് ചില്ലയാണ് നിര്‍മ്മിക്കുന്നത്. ആന്ധ്രപ്രദേശിന്റെ മുന്‍ മുഖ്യമന്ത്രിയായിരുന്ന രാജശേഖര്‍ റെഡ്ഡിയുടെ ജീവിതമാണ് സിനിമയില്‍ ആവിഷ്‌കരിക്കുന്നത്. അടുത്തവര്‍ഷം ജനുവരിയില്‍ ചിത്രം തീയേറ്ററുകളിലെത്തുമെന്ന പ്രതീക്ഷയിലാണ് യാത്രയുടെ അണിയറപ്രവര്‍ത്തകര്‍.