‘മരക്കാർ-അറബിക്കടലിന്റെ സിംഹം’;തിരക്കഥ പൂർത്തിയാക്കി മോഹൻലാൽ ചിത്രം

June 7, 2018

പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന മോഹൻലാൽ ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായി. ആന്റണി പെരുമ്പാവൂരും കോൺഫിഡന്റ് ഗ്രൂപ്പും ചേർന്ന് നിർമ്മിക്കുന്ന സിനിമയുടെ ചിത്രീകരണം നവംബറിൽ ആരംഭിക്കും. മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമയായിരിക്കും ഇത്.  ചിത്രം പൂർത്തിയാവുന്നത്തോടെ  തന്റെ വളരെ നാളായുള്ള സ്വപ്നമാണ്സഫലമാവുന്നതെന്നും, ചിത്രത്തെക്കുറിച്ച് വളരെ മുൻപുതന്നെ തിരക്കഥാകൃത്ത് ടി ദാമോദരനുമായി സംസാരിച്ചിരുന്നതായും അദ്ദേഹത്തിന്റെ ആശയങ്ങൾ ചിത്രത്തിൽ ചേർത്തിട്ടുണ്ടെന്നും സംവിധായകൻ അറിയിച്ചു. ഐ വി ശശിയുടെ മകൻ അനിയും പ്രിയദർശനും ചേർന്നാണ് തിരക്കഥ പൂർത്തിയാക്കിയത്.

കുഞ്ഞാലി മരയ്ക്കാരെ കേന്ദ്ര കഥാപത്രമാക്കി മുൻപും സിനിമകൾ വന്നിട്ടുണ്ട്. അതേസമയം ചരിത്രവും ഫിക്ഷനും ചേർത്ത് തയാറാക്കുന്ന  ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിൽ കുഞ്ഞാലി നാലാമന്റെ കഥയാണ് പറയുന്നത്. ചിത്രത്തിൽ കുഞ്ഞാലി നാലാമനായാണ് മോഹൻലാൽ എത്തുന്നത്. ഹിന്ദി, തെലുങ്ക്, ബ്രിട്ടിഷ് താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സിനിമയുടെ കൂടുതൽ ഭാഗവും കടലിലായിരിക്കും ചിത്രീകരിക്കുക.

ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്  ‘കാലാപാനി’ എന്ന ചിത്രം ചെയ്തപ്പോൾ നേരിട്ട വെല്ലുവിളികൾ നേരിടേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സംവിധായകൻ പറഞ്ഞു.