റിലീസ് ദിവസം തന്നെ ‘സഞ്ജു’വിന്റെ പ്രിന്റ് ഇൻറർനെറ്റിൽ

June 29, 2018

ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ ജീവിതം ആസ്പദമാക്കി നിർമ്മിച്ച  പുതിയ ചിത്രം ‘സഞ്ജു’ ആദ്യ ദിവസം തന്നെ ഇൻറർനെറ്റിൽ ചോർന്നു. സിനിമയുടെ ഹൈ ഡെഫിനിഷൻ പ്രിന്റ് തന്നെയാണ് ചോർന്നത്. ചിത്രത്തിന്റെ സ്ക്രീൻ ഷോട്ടുകളും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കപ്പെടുന്നുണ്ടെന്നും സഞ്ജുവിന്റെ അണിയറ പ്രവർത്തകർ അറിയിച്ചു.

രാജ്‌കുമാർ ഹിറാനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രൺബീർ കപൂറാണ് നായകനായെത്തുന്നത്. ചിത്രം ഇൻറർനെറ്റിൽ ചോർന്നിട്ടുണ്ടെന്ന് അറിഞ്ഞ ഉടനെ  പൈറസിയെ പ്രോത്സാഹിപ്പിക്കരുതെന്നും എല്ലാവരും ചിത്രം തിയേറ്ററിൽ പോയി തന്നെ കാണണമെന്നും നായകൻ രൺബീർ കപൂർ ആരാധകർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

ലഹരിയും അധോലോകബന്ധവും ജയില്‍വാസവും തിരിച്ചുവരവുമെല്ലാം ബോളിവുഡിന്റെ പ്രിയങ്കരനായ സഞ്ജയ് ദത്തിന്റെ ജീവിതത്തിലെ നിര്‍ണ്ണായക സംഭവങ്ങളാണ്. ഇവയെല്ലാം വെള്ളിത്തിരയിൽ കോർത്തിണക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.താരത്തിന്റെ ജീവിതകഥ പറയുന്ന സിനിമയുടെ ട്രെയിലര്‍ പുറത്തറങ്ങിയപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ വൻ ഹിറ്റായിരുന്നു. താരത്തിന്റെ ശരീരഭാഷയും മേക്ക് ഓവറുമെല്ലാം വന്‍ പ്രതീക്ഷയാണ് ആരാധകര്‍ക്ക് സമ്മാനിച്ചത്.

സോനം കപൂര്‍, അനുഷ്‌കാ ശര്‍മ, മനീഷാ കൊയ്രാള, പരേഷ് റാവല്‍ തുടങ്ങിയവരാണ്ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോക്കൊപ്പം വിനോദ് ചോപ്ര ഫിലിംസ്, രാജ്കുമാര്‍ ഹിറാനി ഫിലിംസ് എന്നിവര്‍ സംയുക്തമായാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്