വെള്ളിത്തിരയിൽ ഒന്നിക്കാനുറച്ച് ഫഹദും നസ്രിയയും,ചിത്രം ഉടൻ; വെളിപ്പെടുത്തലുമായി നസ്രിയ

June 29, 2018

മലയാളികളുടെ പ്രിയങ്കരിയായിരുന്ന നസ്രിയ നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ‘കൂടെ’. അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ സഹോരദിയായാണ് നസ്രിയ എത്തുന്നത്. ഫഹദ് ഫാസിലുമായുള്ള വിവാഹത്തിന് ശേഷമാണ് നസ്രിയ സിനിമയിൽ നിന്നും മാറിനിന്നത്. അന്നുമുതൽ പ്രേക്ഷകർ ഏറെ ആകാംഷയോടെ ചോദിക്കുന്ന ചോദ്യമായിരുന്നു നസ്രിയയുടെ തിരിച്ചുവരവ്.

അതേസമയം അഞ്ജലി മേനോൻ ചിത്രത്തിലൂടെ സിനിമയിലേക്കുള്ള വരവ് ഉറപ്പിച്ച നസ്രിയ ഇപ്പോൾ ഫഹദ് ഫാസിലുമായുള്ള ചിത്രം ഉടൻ ഉണ്ടാകുമെന്നാണ് അറിയിച്ചത്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നസ്രിയ ഇത് വ്യക്തമാക്കിയത്. ഇരുവരും ഒരുമിച്ചുള്ള ചിത്രം ഉടൻ ഉണ്ടാകുമെന്നും അതേസമയം ചിത്രത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്തില്ലെന്നും താരം വ്യക്തമാക്കി.

“നാലു വർഷമായി നസ്രിയ സിനിമയിൽ നിന്ന് മാറിനിൽക്കുകയായിരുന്നു, അവൾ മാറി നിന്നത് ഞങ്ങളുടെ നല്ല കുടുംബ ജീവിതത്തിന് വേണ്ടിയായിരുന്നു. ഇപ്പോൾ അവൾ സിനിമയിലേക്ക് തിരിച്ചുവരുന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്.ഈ  സിനിമയ്ക്കും  ഇതിലെ  പ്രവർത്തകർക്കും ആശംസകൾ നേരുന്നു” എന്ന്  ഫഹദ് നേരത്തെ പറഞ്ഞിരുന്നു.

ബാലതാരമായി സിനിമയിൽ എത്തിയ നസ്രിയ പിന്നീട് നായികയായി മാറുകയായിരുന്നു. അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാംഗ്ലൂർ ഡെയ്സിലും നസ്രിയ പ്രധാന കഥാപത്രത്തെ അവതരിപ്പിച്ചിരുന്നു. ‘ബാംഗ്ലൂർ ഡേയ്‌സ്’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം അഞ്‌ജലി മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം ‘കൂടെ’  ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.