അഞ്ജലി മേനോൻ ചിത്രത്തിലൂടെ തിരിച്ചു വരവിനൊരുങ്ങി നസ്രിയ; റിലീസ് ഉടൻ

June 11, 2018

 

തിരിച്ചുവരവിനൊരുങ്ങി നസ്രിയ ഫഹദ്. ‘ബാംഗ്ലൂർ ഡേയ്സ്’ എന്ന ചിത്രത്തിന് ശേഷം അഞ്‌ജലി മേനോൻ സംവിധായികയുടെ വേഷത്തിലെത്തുന്ന പുതിയ ചിത്രത്തിലൂടെയാണ് നസ്രിയ തിരിച്ചു വരുന്നത്. ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ജൂലൈ 6 നായിരിക്കും ചിത്രം തിയേറ്ററുകളിലെത്തുക. പൃഥ്വിരാജും  പാർവതിയും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ നസ്രിയയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വിവാഹ ശേഷമുള്ള നസ്രിയയുടെ ആദ്യ ചിത്രമാണിത്. സിനിമയിൽ പൃഥ്വിരാജിന്റെ പെങ്ങളായാണ് നസ്രിയ എത്തുന്നത്. രഞ്ജിത് മാലാപർവതി എന്നിവരാണ് ഇരുവരുടെയും മാതാപിതാക്കളായി എത്തുന്നത്.

നിരവധി യുവതാരങ്ങൾക്ക് അവസരം കൊടുക്കുന്ന ചിത്രത്തിന്റെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. കാമുകനായും സഹോദരനായും ചിത്രത്തിൽ വേഷമിടുന്ന പൃഥ്വിരാജിനെ ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിക്കുന്നത്. ബാംഗ്ലൂർ ഡേയ്‌സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം അഞ്‌ജലി മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.