കാലഘട്ടത്തിന്റെ കഥ പറഞ്ഞ് ‘ചിലപ്പോൾ പെൺകുട്ടി’

നവാഗതനായ പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ചിലപ്പോൾ പെൺകുട്ടി. നീതിയും ന്യായവും നിഷേധിക്കപ്പെടുന്ന ഇന്നത്തെ സ്ത്രീ സമൂഹത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. കാശ്മീരിലെയും കേരളത്തിലേയും ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രം അടുത്ത കാലത്തുണ്ടായ ഒരു ദുരന്തത്തിന്റെ ആഘാതമാണ് പറയുന്നത്.
നിരവധി പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഈ ചിത്രത്തിൽ കലോത്സവ വേദികളിലൂടെ വിസ്മയങ്ങൾ തീർത്ത ആവണി എസ് പ്രസാദും, കാവ്യാ ഗണേശിനുമൊപ്പം സിമ്രാൻ രതീഷും ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൃഷ്ണചന്ദ്രൻ, സുനിൽ സുഗത, അരിസ്റ്റോ സുരേഷ്, ദിലീപ് ശങ്കർ, സുനീഷ്ചുനക്കര, ശരത്ത്, പ്രീയ രാജീവ്, ശ്രുതി രജനീകാന്ത്, ശിവ മുരളി, ജലജ, നൗഷാദ്, അഡ്വ. മുജീബ് റഹുമാൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
കഴിഞ്ഞ കുറെ വർഷങ്ങളായി റിയാലിറ്റി ഷോകളും ഹിറ്റു പരമ്പരകളും ചെയ്ത പ്രസാദ് നൂറനാട് സംവിധായക വേഷത്തിലെത്തുന്ന ചിത്രം കുടുംബ പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.