കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ കഥയുമായി ‘ജനാധിപൻ’

നവാഗതനായ തൻസീർ മുഹമ്മദ് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജനാധിപൻ’. മലയാളത്തിലെ മികച്ച പൊളിറ്റിക്കൽ ത്രില്ലറായ ചിത്രത്തിൽ ഹരീഷ് പേരടിയാണ് നായകനായി എത്തുന്നത്. നിരവധി സിനിമകളിൽ സഹനടനായി വേഷമിട്ടിട്ടുണ്ടെങ്കിലും ഹരീഷ് ആദ്യമായി നായക വേഷത്തിലെത്തുന്ന ചിത്രമാണ് ‘ജനാധിപൻ’. ഒരു മുഖ്യമന്ത്രിയുടെ ജീവിതത്തിൽ ഉണ്ടാവുന്ന സന്ദർഭങ്ങളെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. കണ്ണൂർ വിശ്വൻ എന്ന കമ്യൂണിസ്ററ് കഥാപാത്രമായാണ് ഹരീഷ് പേരടി എത്തുന്നത്. സംഭാഷണങ്ങൾക്ക് പ്രാധാന്യമുള്ള ചിത്രത്തിൽ ഒരു നല്ല മുഖ്യമന്ത്രി എങ്ങനെയായിരിക്കണമെന്നും പറയുന്നുണ്ട്.
ചിത്രത്തിൽ മുഖ്യമന്ത്രിയുടെ ഭാര്യയായി എത്തുന്നത് മാലാ പർവതിയാണ്. വിനു മോഹൻ, സുനിൽ സുഗത, തനൂജ കാർത്തിക്, അനിൽ നെടുമങ്ങാട്, ഹരി പ്രശാന്ത് തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ദേവി എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ബാലാജിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.