‘പഞ്ചവർണതത്ത’യുടെ വിജയമാഘോഷിച്ച് ജയറാമും കുഞ്ചാക്കോയും; വേദിയിൽ മനസുതുറന്ന് ജയറാം, വീഡിയോ കാണാം…
ഹാസ്യ കലാകാരൻ രമേശ് പിഷാരടി സംവിധാനം ചെയ്ത ചിത്രം ‘പഞ്ചവർണതത്ത’യുടെ വിജയമാഘോഷിച്ച് താരങ്ങൾ. ജയറാമും കുഞ്ചാക്കോ ബോബനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ്. കേരളത്തിലങ്ങോളമിങ്ങോളം എല്ലാ തിയേറ്ററുകളിലും വിജയകരമായി പ്രദർശനം തുടരുന്ന ചിത്രത്തിന്റെ വിജയമാഘോഷിക്കുകയാണ് പഞ്ചവർണതത്തയുടെ ടീം.
ചടങ്ങിൽ സിനിമയിലെ അനുഭങ്ങൾ പങ്കുവെച്ച് നടൻ ജയറാമും കുഞ്ചാക്കോ ബോബനും എത്തി. നൂറോളം സിനിമകളുടെ വിജയാഘോഷ ചടങ്ങിൽ മുമ്പ് പങ്കെടുത്തിട്ടുണ്ടെങ്കിലും ഇത് പുണ്യം നിറഞ്ഞ നിമിഷമാണെന്നും, കാരണം മനസ്സിനോട് അടുത്ത് നിൽക്കുന്ന സിനിമയാണ് ഇതെന്നും ജയറാം വ്യക്തമാക്കി. സിനിമയിൽ അഭിനയിക്കാൻ വേണ്ടി ഉദയാ സ്റ്റുഡിയോയുടെ വാതിക്കൽ എത്തിയതും, അവിടുത്തെ തിരക്കുകണ്ട് തിരികെ പോയതും പത്ത് വർഷങ്ങൾക്ക് ശേഷം ആ സ്റ്റുഡിയോയിൽ തന്നെ അഭിനയിക്കാൻ ആദ്യമായി എത്തിയതും ചടങ്ങിൽ ജയറാം ഓർത്തെടുത്തു. മണിയൻ പിള്ള ചേട്ടനോടൊത്തുള്ള അനുഭവങ്ങളും താരം ചടങ്ങിൽ പറഞ്ഞു.
സിനിമയിൽ ആദ്യമായി എത്തിയ സമയത്ത് നിരവധി വിമർശനങ്ങൾ കേട്ടിരുന്നതായും, ഇത് വെറും മിമിക്രിയാണെന്നു പറഞ്ഞ് പലരും വേദനിപ്പിച്ച നിമിഷങ്ങളും, മിമിക്രിയാണെന്ന് പറഞ്ഞ് കലാഭവൻ മണിക്ക് ലഭിക്കേണ്ടിയിരുന്ന സംസ്ഥാന അവാർഡ് നിരസിച്ചതിനെക്കുറിച്ച് മണി തന്നോട് കണ്ണീരോടെ പറഞ്ഞതും ജയറാം പറഞ്ഞു. പഞ്ചവർണതത്ത ആരംഭിക്കുന്നതിനുമുന്പേ പലരും ഇതെന്താ മിമിക്രിയാണോയെന്ന് പുച്ഛത്തോടെ ചോദിച്ചിരുന്നു. എന്നാൽ ഇത് മിമിക്രി അംഗങ്ങളുടെ കൂട്ടായ്മയുടെ വിജയമാണെന്ന് ജയറാം പറഞ്ഞു നിർത്തി.
ഇതുവരെ കണ്ടിട്ടില്ലാത്ത വ്യത്യസ്തമായ ഗെറ്റപ്പിലാണ് ജയറാം ഈ ചിത്രത്തിൽ എത്തിയിരിക്കുന്നത്. മൊട്ടത്തലയും കുടവയറും വ്യത്യസ്തമായ സംസാരശൈലിയുമായെത്തിയ ജയറാം കഥാപാത്രം റിലീസിന് മുൻപ് തന്നെ സിനിമാ ലോകത്ത് വലിയ ചർച്ചകൾക്ക് വഴി തെളിച്ചിരുന്നു. ജയറാമിന്റെ വ്യത്യസ്തമായ ഗെറ്റപ്പിനു പിന്നിലെ മേക്കിംഗ് വീഡിയോ നേരത്തെ സോഷ്യൽ മീഡിയയിൽ ഹിറ്റായിരുന്നു. ജയറാം തന്നെയാണ് പഞ്ചവർണ്ണതത്തയിലെ തന്റെ കഥാപാത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടത്.