‘മമ്മൂക്കയോട് എന്നന്നേക്കുമായി കടപ്പെട്ടിരിക്കുന്നു’…മാമാങ്കത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ച് സംവിധായകൻ..
വള്ളുവനാട്ടിലെ വില്ലാളി വീരന്മാരുടെ കഥ പറയുന്ന മമ്മൂട്ടി ചിത്രം മാമാങ്കത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ച് സംവിധായകൻ സജീവ് പിള്ള. 12 വർഷത്തെ പഠനത്തിന് ശേഷം സജീവ് പിള്ള ഒരുക്കുന്ന ചിത്രത്തിൽ നാല് വ്യത്യസ്ത ഗെറ്റപ്പിലാണ് മമ്മൂട്ടി എത്തുന്നത്. നീരജ് മാധവ്, ധ്രുവ എന്നിവർക്കൊപ്പം ഇതര ഭാഷകളിൽ നിന്നും നിരവധി പ്രമുഖ താരങ്ങളും ചിത്രത്തിൽ വേഷമിടുന്നുണ്ട്. മമ്മൂട്ടി അത്ഭുതകരമായ പ്രകടനം കാഴ്ചവെച്ചിരിക്കുന്ന ചിത്രത്തിന്റെ രണ്ടാമത്തെ ഷെഡ്യൂളും പൂർത്തിയതിന്റെ വിശേഷങ്ങളാണ് ഫേസ്‌ബുക്കിലൂടെ സംവിധായകൻ പങ്കുവെച്ചിരിക്കുന്നത്.
“പ്രിയപ്പെട്ടവരെ, നമ്മുടെ പടത്തിന്റെ രണ്ടാമത്തെ ഷെഡ്യൂളും പൂർത്തിയായി. ആക്ഷന് മുൻതൂക്കമുണ്ടായിരുന്നു ഒന്നാം ഷെഡ്യൂളിൽ. തികച്ചും വിഭിന്നമായിരുന്നു ഈ ഷെഡ്യൂൾ. പ്രതികൂലമായിരുന്ന പരിതസ്ഥിതിയിൽ തുടങ്ങേണ്ടി വന്നെങ്കിലും പൂർത്തീകരിക്കാൻ കഴിയുകയും ചെയ്തു.
ആരാധിക്കപ്പെടുന്ന മഹാധീരന്മാരുടെ ചരിത്രത്തോടൊപ്പമാണ് യാത്രയെങ്കിലും വലിയ ചരിത്രമുഹൂർത്തങ്ങളിലെ ഒറ്റപ്പെട്ട നിലപാടുകളുടെ സുധീരതയും സ്ഥൈര്യവും കൂടിയാണ് ഈ സിനിമയിലെ ഭൂമിക. അവിടെ ഒറ്റപ്പെടുന്നവരുടെ ജീവിതാവസ്ഥകളും.
അവിടെയാണ്, സൂഷ്മതകളിൽ അസാധാരണമായ ശ്രദ്ധവച്ച്, ഒരു മഹാനടൻ വിവിധങ്ങളായ വികാരങ്ങളുടെ വലിയ ദേശത്ത് സിനിമയെ നയിക്കുന്നത്. അദ്ദേഹത്തിന്റെ സ്ക്രീൻ ഇമേജിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത ആ വേഷപ്പകർച്ചകൾക്ക്, മമ്മൂക്കയോട് എന്നെന്നേക്കുമായി കടപ്പെട്ടിരിക്കുന്നു. സൂക്ഷ്മഭാവങ്ങളിലെ അസാധാരണ ശ്രദ്ധ അത്ഭുതപ്പെടുത്തുന്നതായിരുന്നു. അവിശ്വസനീയമായ ആ സൂക്ഷ്മാഭിനയം എനിക്ക് ഒരുപാട് ധൈര്യം തരുന്നു. എല്ലാവർക്കും ഇഷ്ടപ്പെടുന്ന, രസിപ്പിക്കുന്ന, നമ്മുടെ മണ്ണിലും വേരുകളിലും ചരിത്രത്തിലും തന്നെ നിൽക്കുന്നതാവണം ഈ സിനിമ.
കണ്ണീരും രക്തവും വീണുകിടക്കുന്ന ചരിത്രത്തിന്റെ ഏടുകളിലൂടെയാണ് യാത്ര. അത്ര എളുപ്പമാവില്ല ഒന്നും. വലിയ ആക്ഷനും വലിയ വികാരങ്ങളും ഉറച്ച വിശ്വാസവും അനിവാര്യം.
വാർപ്പ് മാതൃകകളിൽ നിന്ന് വ്യത്യസ്തമായ, ആക്ഷനിലൂടെയും വൈകാരിക തീവ്രതകളിലൂടെയും കടന്ന് പോകുന്ന ഈ വലിയ സിനിമയുടെ സ്ക്രിപ്ടിനെ പൂർണ്ണബോധ്യത്തോടെ ഏറ്റെടുത്ത പ്രിയപ്പെട്ട വേണു സാറിന്റെ പിന്തുണ തന്നെയാണ് ഏറ്റവും പ്രധാനം. നന്ദി.
ഒപ്പം നിൽക്കുന്ന അനവധി പേരുടെ ശക്തിയിലും ഊർജ്ജത്തിലും മാത്രമാണ് ഓരോ നിമിഷവും നിൽക്കുന്നതും.
ഒരുപാട് നാളത്തെ യാത്രയും പ്രയത്നവും കാത്തിരിപ്പുമാണ്. ഇതേ വരെയുള്ള വഴികളൊന്നും അനായാസമായിരുന്നില്ല….. ഇനിയും പോകാനുമുണ്ട്. പകുതിയിലും അല്പമധികം.
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മുതൽ മുടക്കേറിയ ചിത്രം നിർമിക്കുന്നത് കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നമ്പിള്ളിയാണ്. 17ാം നൂറ്റാണ്ടിലെ കഥ പറയുന്ന മാമാങ്കത്തിനു ദൃശ്യവിസ്മയമൊരുക്കുന്നത് ബാഹുബലി ചിത്രത്തിനായി ഗ്രാഫിക്സ് ഒരുക്കിയ അതേ സംഘമാണ്.