‘സൂപ്പർ ഡീലക്സി’ൽ കേക്ക് മുറിച്ച് സാമന്ത;ഒപ്പം ചേർന്ന് ഫഹദും

June 14, 2018

ത്യാഗരാജ് സംവിധാനം ചെയ്യുന്ന വിജയ് സേതുപതി ചിത്രം ‘സൂപ്പർ ഡീലക്സ്’ സൈറ്റിൽ കേക്ക് മുറിച്ച് സാമന്ത.  വിജയ് സേതുപതി ട്രാൻസ്‍ജെൻഡർ ആയെത്തുന്ന ചിത്രത്തിൽ സാമന്തയാണ് നായിക. കൂടാതെ ഫഹദ്  ഫാസിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിൽ സാമന്ത തന്റെ ഭാഗം അഭിനയിച്ചു കഴിഞ്ഞു ഇതിന്റെ സന്തോഷം പങ്കുവെച്ചാണ് താരം കേക്ക് മുറിച്ചാഘോഷിച്ചത്. നായികക്കൊപ്പം സംവിധായകൻ ത്യാഗരാജും ഫഹദ് ഫാസിലും അണിയറ പ്രവർത്തകരും സന്തോഷത്തിൽ പങ്കുചേർന്നു.

‘വേലൈക്കാരനു’ശേഷമുള്ള ഫഹദിന്റെ രണ്ടാമത്തെ തമിഴ് ചിത്രമാണ് ‘സൂപ്പർ ഡീലക്സ്’. യുവാൻ ശങ്കർ രാജ സംഗീതം  നിർവഹിക്കുന്ന ചിത്രം ഈ വർഷം അവസാത്തോടുകൂടി പ്രദർശനത്തിനെത്തുമെന്നാണ് ലഭിക്കുന്ന വിവരം. സാരിയിൽ അണിഞ്ഞൊരുങ്ങി നിൽക്കുന്ന വിജയ് സേതുപതിയുടെ ചിത്രം നേരത്തെ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു. വിജയ് സേതുപതി വ്യത്യസ്ത വേഷത്തിലെത്തുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.