തമിഴ് റോക്കേഴ്‌സ് ഉടൻ നിശ്ചലമാകും; വെബ്സൈറ്റ് സസ്‌പെൻഡ് ചെയ്ത് സൈബർ വിദഗ്ധർ..

June 21, 2018

പുതിയ സിനിമയുടെ വ്യാജകോപ്പി ഇന്റർനെറ്റിൽ എത്തിക്കുന്ന തമിഴ് റോക്കേഴ്‌സിനെ കുടുക്കാനുറച്ച് തമിഴ്നാട് ഫിലിം കൗൺസിൽ.  ഇവരുടെ വെബ്‌സൈറ്റ് ആന്റി പൈറസി സെല്‍ സസ്‌പെന്‍ഡ് ചെയ്തു. തമിഴ് റോക്കേഴ്‌സിന് വരുമാനം നൽകുന്ന ഉറവിടങ്ങളെ കണ്ടെത്തിയതായും അവരെ തടയാൻ സാധിച്ചുവെന്നും കൗൺസിലിന്റെ സൈബർ വിദഗ്ധർ ശിവ നേരത്തെ  അറിയിച്ചിരുന്നു.  അമേരിക്കയിൽ നിന്നുള്ള പ്രൊപ്പല്ലർ, സാപ്പ്  തുടങ്ങിയ പരസ്യക്കമ്പനികളാണ് തമിഴ് റോക്കേഴ്‌സിന് വരുമാനം നല്കിക്കൊണ്ടിരിക്കുന്നത്.

വിദഗ്ദരായ ഒരു കൂട്ടം യുവാക്കളാണ് ഇതിന് പിന്നിലെന്നും ഇവരുടെ ലക്‌ഷ്യം പണം മാത്രമാണെന്നും ഉടൻ തന്നെ ഇവരെ കണ്ടെത്താനാകുമെന്നും ശിവ നേരത്തെ  കണ്ടെത്തിയിരുന്നു . റിലീസ് ചിത്രത്തിന്റെ തിയേറ്റർ കോപ്പി പുറത്തുപോകാതിരിക്കാൻ തിയേറ്ററുകളിൽ സിസിടിവി നിർബന്ധമാക്കാനും നിർദ്ദേശം നൽകിയിരുന്നു.

കഴിഞ്ഞ ദിവസം റിലീസായ രജനീകാന്ദ് ചിത്രം ‘കാല’യും റിലീസ് ദിവസം തന്നെ പുറത്തായിരുന്നു. തമിഴ് റോക്കേഴ്‌സിന് പുറമെ തമിഴ് ഗൺ എന്ന സൈറ്റിനെതിരെയും തമിഴ്നാട് ഫിലിം കൗൺസിൽ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ താല്‍കാലികമായി കുറച്ചു കാലത്തേയ്ക്ക് തമിഴ്‌റോക്കേഴ്‌സിനെ ബ്ലോക് ചെയ്യാം എന്നല്ലാതെ പൂര്‍ണ്ണമായും ബ്ലോക് ചെയ്യുകയെന്നത് നടക്കാത്ത കാര്യമാണെന്നാണ് വിദഗ്ദരുടെ അഭിപ്രായം. ഡൗണ്‍ലോഡുകളുടെ എണ്ണം 100ല്‍ നിന്ന് 10 ലേക്ക് എന്ന കണക്കില്‍ കുറക്കാന്‍ സാധിക്കുമെന്നും വിദഗ്ദ്ധർ അറിയിച്ചു.