‘ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിച്ചിരുന്നു’;മനസ് തുറന്ന് മലയാള സിനിമയുടെ മസിൽമാൻ
സിനിമാ മോഹം തലയ്ക്ക് പിടിച്ച് നാടും വീടും പഠനവും ജോലിയുമെല്ലാം ഉപേക്ഷിച്ച് കൊച്ചിയിലേക്ക് നാടുവിട്ട ഒരു ചെക്കൻ, സിനിമയിലൊന്ന് മുഖം കാണിക്കാൻ കയറിയിറങ്ങിയ വാതിലുകൾ , കൂട്ടുകാർക്കൊപ്പം അവരുടെ ചിലവിൽ കഴിച്ചുകൂട്ടിയ നീണ്ട എട്ട് മാസങ്ങൾ… ജീവിതത്തിൽ എവിടെയും എത്തപ്പെട്ടില്ലല്ലോ എന്നോർത്ത് ആത്മഹത്യയെക്കുറിച്ച് വരെ തീരുമാനിച്ച നിമിഷങ്ങൾ…
ഇത് സിനിമ കഥയല്ല, ജീവിതമാണ്…മലയാള സിനിമയുടെ മസിൽമാൻ എന്ന അറിയപ്പെടുന്ന ഉണ്ണിമുകുന്ദൻ സിനിമയിലേക്കുള്ള തന്റെ വരവിനെക്കുറിച്ച് മനസ്സ് തുറക്കുന്നു. മലയാളത്തിലെ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഉണ്ണി, ജീവിതത്തിൽ നേരിട്ട പ്രതിസന്ധി ഘട്ടങ്ങളെക്കുറിച്ച് കണ്ണീരോടെ ഓർത്തെടുത്തത്..
സിനിമ എന്ന സ്വപ്നവുമായി പഠനവും ജോലിയും ഉപേക്ഷിച്ച് കൊച്ചിയിലേക്ക് എത്തിയ സമയം. അടുത്ത സുഹൃത്തിന്റെ ഫ്ലാറ്റിലായിരുന്നു താമസം. മൂന്ന് ബാച്ചിലേഴ്സിനൊപ്പം, അതിലൊരാള്‍ക്ക് ബാംഗ്ലൂരില്‍ സെറ്റിലാകണം, മറ്റേയാള്‍ക്ക് സിനിമ, വേറൊരാള്‍ക്ക് കല്ല്യാണം പിന്നൊരാള്ക്ക് മുടി കൊഴിച്ചിലായിരുന്നു പ്രശ്നം. എട്ടു മാസത്തോളം ജോലിയൊന്നുമില്ലാതെ സുഹൃത്തുക്കൾക്കൊപ്പം അവരുടെ ചിലവിൽ ജീവിച്ചു.
ഭക്ഷണവും താമസവും വസ്ത്രവുമടക്കം എല്ലാത്തിനും സുഹൃത്തുക്കളെ ആശ്രയിച്ച് കഴിഞ്ഞ ദിവസങ്ങളിൽ, രാവിലെ എണീറ്റാൽ അവർ ജോലിക്കുപോകും. ഞാൻ ബ്രേക്ഫാസ്റ്റ് കഴിച്ചു വന്ന് അവർ വരുന്നതുവരെ വെയിറ്റ് ചെയ്തിരിക്കും. പഠനവും ജോലിയുമുപേക്ഷിച്ചതിൽ വീട്ടിൽ നിന്നും നല്ല പ്രശ്നങ്ങൾ ഉണ്ടായിരുന്നു. കരിയർ എങ്ങനെ മുന്നോട്ടു കൊണ്ടുപോകും എന്നോർത്ത് വിഷമിച്ചിരുന്ന ഘട്ടങ്ങളിൽ പലപ്പോഴും ഫ്ളാറ്റിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്താലോ എന്നുവരെ ചിന്തിച്ചിരുന്നു. അത്രമാത്രം വിഷമത്തിലായിരുന്നു ആ ദിവസങ്ങളിൽ ഉണ്ണി മുകുന്ദൻ പറഞ്ഞു നിർത്തി.