ബ്രിട്ടീഷുകാർ ആക്രമിച്ച ആദിവാസി മൂപ്പനായി വിനായകൻ; ‘കരിന്തണ്ടന്റെ’ കഥ പറഞ്ഞ് ലീല, ചിത്രത്തിന്റെ ഫസ്റ്റ് ലോക് പോസ്റ്റർ കാണാം

July 5, 2018

പുതു തലമുറ സോഷ്യൽ മീഡിയയിലൂടെയും കഥകളിലൂടെയും മാത്രം കേട്ട  ആദിവാസി മൂപ്പൻ കരിന്തണ്ടന്റെ  കഥ പറയുന്ന പുതിയ ചിത്രം ഉടൻ. വിനായകൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സംവിധായകയും നടിയുമായ ഗീതു മോഹൻദാസാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. നവാഗത സംവിധായകയായ ലീലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വാഴ്ത്തപ്പെടാതെ പോയ ഒരു ധീര രക്തസാക്ഷിയുടെ കഥ പറയുന്ന ചിത്രം കളക്ടീവ് ഫേസിന്റെ ബാനറിലാണ് നിർമ്മിക്കുന്നത്.


കരിന്തണ്ടനെക്കുറിച്ച് ആധികാരികമായി പറയാൻ ചരിത്ര രേഖകളോ പുസ്തകങ്ങളോ ഇല്ല, കേട്ടറിവുകൾ മാത്രം ബാക്കി വെച്ച ഒരു രക്ത സാക്ഷി. വയനാടന്‍ അടിവാത്തുള്ള ചിപ്പിലിത്തോട് ഭാഗത്ത് പണിയയെന്ന ആദിവാസി വിഭാഗത്തിന്‍റെ മൂപ്പനായിരുന്നു കരിന്തണ്ടൻ. പൊന്നും മണ്ണും ഏലവും കുരുമുളകും തേയിലയും  തേടി ബ്രിട്ടീഷുകാർ കോഴിക്കോടെത്തിയകാലം…  താമരശ്ശേരി അടിവാരം വരെ എത്തിയ ബ്രിട്ടീഷുകാർക്ക് അവിടെ ഉയർന്നു നിൽക്കുന്ന മല നിരകളിലൂടെ എങ്ങോട്ട് പോകണമെന്ന് അറിയില്ലായിരുന്നു. അവരുടെ മുന്നോട്ടുള്ള പ്രയാണത്തെ തടഞ്ഞ മലനിരകൾക്കപ്പുറം നിരവധി സുഗന്ധ വ്യജ്ഞനങ്ങൾ ഉണ്ടെന്നറിഞ്ഞ ബ്രിട്ടിഷുകാർ അവിടെ എത്താനുള്ള മാർഗമായി കണ്ടത് കരിന്തണ്ടനെ ആയിരുന്നു.

ആ വഴി മല കയറാൻ ശ്രമിച്ച നിരവധി ബ്രിട്ടീഷുകാർ വന്യ മൃഗങ്ങൾക്ക് ഇരയായതോടെ അവർ ആ ശ്രമം ഉപേക്ഷിച്ചു. പിന്നീട് അടിവാരത്ത് ആടുമേച്ചു നടന്നിരുന്ന ആജാനുബാഹുവായ കരിന്തണ്ടനാണ് അവര്‍ക്ക് ആ വഴി തുറന്നുകൊടുത്തത്. കാടിന്റെ മുഴുവൻ സ്പന്ദനവും അറിഞ്ഞിരുന്ന കരിന്തണ്ടന്റെ സഹായത്തോടെ ബ്രിട്ടീഷുകാർ അവിടെ പുതിയ വഴി തുറന്നു. പിന്നീട് ഈ വഴിയുടെ ക്രെഡിക്ട് മറ്റാർക്കും കിട്ടാതിരിക്കാനും കരിന്തണ്ടൻ ഈ വഴി ആർക്കും കാണിച്ച് കൊടുക്കാതിരിക്കുന്നതിനുമായി അവർ കരിന്തണ്ടനെ അവിടെ തന്നെ കൊന്നു കളഞ്ഞുമെന്നാണ് കരിന്തണ്ടനെക്കുറിച്ചുള്ള കഥ.

അടിവാരത്ത് നിന്നും ലക്കിടിയിലേക്കുള്ള വഴിയിൽ ഇപ്പോഴും കരിന്തണ്ടനെ തളച്ച മരവും ചങ്ങലയും കാണാം. ഈ വഴി രാത്രിയിൽ യാത്ര ചെയ്യുന്നവരെ കരിന്തണ്ടന്റെ ആത്മാവ് ഉപദ്രവിച്ചിരുന്നതായും പിന്നീട് മന്ത്രവാദിയുടെ സഹായത്തോടെ കരിന്തണ്ടനെ അവിടെയുള്ള മരത്തിൽ തളച്ചതാണെന്നും കഥകളുണ്ട്.