അഭിജിത്തിന്റെ ആഗ്രഹം സഫലമായി ; രോഗബാധിതനായ കുട്ടിയെത്തേടി ലാലേട്ടൻ എത്തി

July 20, 2018

കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഏറെ  ചർച്ച ചെയ്യപ്പെട്ട വീഡിയോയാണ് ഇരുവൃക്കകളും തകരാറിലായ അഭിജിത്ത് എന്ന കുട്ടിയുടേത്. ഇരു വൃക്കകളും തകരാറിലായ കൊച്ചുബാലന് ആകെ ഒരു ആഗ്രഹമേയുള്ളു. മോഹൻലാലിൻറെ കൂടെ നിന്ന് രണ്ട് ഫോട്ടോയെടുക്കണം. തന്റെ രോഗത്തിന്റെ ഗൗരവത്തെക്കുറിച്ച് ഒന്നുമറിയാത്ത കൊച്ചു കുഞ്ഞിന്റെ ആഗ്രഹം ഇപ്പോൾ സഫലമായിരിക്കുകയാണ് . അഭിജിത്തിനെ കാണാൻ സാക്ഷാൽ മോഹൽലാൽ അവന്റെ അരികിൽ എത്തിയിരിക്കുകയാണ്.

ഓൾ കേരള മോഹൻലാൽ ഫാൻസ്‌ വഴിയാണ്  അഭിജിത്തിന്റെ ആഗ്രഹം മോഹൻലാലിനെ അറിയിച്ചത്. അറിഞ്ഞപ്പോൾ തന്നെ ലാലേട്ടൻ അഭിജിത്തിനെ കാണാൻ സമ്മതിക്കുകയും ചെയ്തു. കുട്ടിയുടെ ചികിത്സയ്ക്കായി സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്.  ഇരു വൃക്കകളും തകരാറിലായ  അഭിജിത്തിന്‌ ദൂര യാത്ര പറ്റാത്തതിനാൽ ഓഗസ്റ്റ് ആദ്യ ആഴ്ചയിൽ തിരുവന്തപുരത്തെത്തി അഭിജിത്തിനെ മോഹൻലാൽ കാണുമെന്നും മോഹൻലാൽ ഫാൻസിന്റെ സ്റ്റേറ്റ് സെക്രട്ടറി വിമൽ കുമാറിനെ നേരത്തെ  അറിയിച്ചിരുന്നു. ഈ വാക്ക് പാലിച്ചിരിക്കുകയാണ് താരമിപ്പോൾ. കുട്ടിയുടെ ചികിത്സക്കായി ആസ്റ്റർ മെഡിസിറ്റിയിൽ ഏർപ്പാടുകൾ ചെയ്തിട്ടുള്ളതായും ഫാൻസ്‌ അസോസിയേഷൻ വ്യക്തമാക്കിയിട്ടുണ്ട്.

വൃക്ക നല്കാൻ അഭിജിത്തിന്റെ  പിതാവ് സന്നദ്ധനാണ്. പക്ഷെ വൃക്ക മാറ്റിവെയ്ക്കുന്നതിന് ചിലവാകുന്ന ആ ഭീമമായ തുക താങ്ങാൻ ആ കൊച്ചു കുടുംബത്തിന് കഴിയാതിരുന്ന സാഹചര്യത്തിലാണ് സഹായവുമായി ലാലേട്ടൻ ഫാൻസ്‌ എത്തിയത്.