കേരള ജനതയെ കണ്ണീരിലാഴ്ത്തിയ അഭിമന്യൂവിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്…
ക്യാമ്പസ് രാഷ്ട്രീയ കൊലപാതകത്തിന്റെ ഏറ്റവും ഒടുവിലത്തെ ഇരയായ അഭിമന്യൂ എന്ന മഹാരാജാസ് കോളേജ് ബിരുദ വിദ്യാർത്ഥിയുടെ ചിരി നിറഞ്ഞ മുഖം അത്രപെട്ടന്നൊന്നും മലയാളികൾക്ക് മറക്കാനാവില്ല. അഭിമന്യൂ മഹാരാജാസ് എന്നറിയപ്പെടാടാനാഗ്രഹിച്ച പോരാളിയുടെ ജീവിതവും മരണവും വെള്ളിത്തിരയിൽ കൊണ്ടുവരാൻ തയാറെടുക്കുകയാണ് ഒരു കൂട്ടം യുവാക്കൾ. നവാഗതനായ വിനീഷ് ആരാധ്യയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
‘പത്മവ്യൂഹത്തിലെ അഭിമന്യൂ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ആർ എം സി സി എന്ന വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് നിർമ്മിക്കുന്നത്. മലയാളത്തിലെ പ്രമുഖ നടന്മാർക്കൊപ്പം പുതുമുഖങ്ങലും വെള്ളിത്തിരയിൽ ഒന്നിക്കുന്ന ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നതും സംവിധായകനായ വിനീഷ് ആരാധ്യ തന്നെയാണ്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമ ലോകത്ത് അരങ്ങേറ്റം കുറിച്ച വിനീത് വിശ്വമാണ് ചിത്രത്തില്‍ അഭിമന്യുവായി വേഷമിടുന്നത്.
അഭിമന്യൂവിന്റെ യഥാർത്ഥ ജീവിതം തുറന്നുകാണിക്കുന്നതാണ് ഈ സിനിമയെന്നും അഭിമന്യു എന്തായിരുന്നോ, അത് അതേപോലെ തന്നെ പ്രേക്ഷകര്‍ക്ക് മുന്നില്‍ തുറന്ന് കാട്ടാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും വിനീഷ് ആരാധ്യ പറഞ്ഞു. വട്ടവടയിലെ കാര്‍ഷിക ഗ്രാമത്തില്‍ നിന്ന്, കഷ്ടപ്പാടുകളോട് പൊരുതി, മഹാരാജാസില്‍ എത്തി വിദ്യാഭ്യാസം നേടുന്ന അഭിമന്യു എതിരാളികള്‍ക്ക് പോലും പ്രിയങ്കരനായിരുന്നു. വര്‍ഗ്ഗീയവാദികള്‍ കുത്തിക്കൊലപ്പെടുത്തിയ അഭിമന്യൂവിന്റെ മരണത്തിലൂടെ ആ നാടിനും പ്രസ്ഥാനത്തിനും മഹാരാജാസിനും ഉണ്ടാകുന്ന വേദനയുമാണ് ചിത്രത്തിന്റെ പ്രമേയം.
കേരള ജനതയെ മുഴുവൻ കണ്ണീരിലാഴ്ത്തിയ അഭിമന്യുവിന്റെ മരണം എല്ലാവരുടെയും ഹൃദയത്തിൽ ആഴ്ന്നിറങ്ങിയ വേദനയായിരുന്നു. അതുകൊണ്ട് തന്നെ സിനിമ മേഖലയിലെ നിരവധി പേര് ഈ ചിത്രത്തിന് വേണ്ടി സൗജന്യമായി സഹകരിക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും വിനീഷ് പറഞ്ഞു.