വൈറലായി രാഷ്ട്രീയ നേതാക്കൾ.. ‘ആക്‌സിഡന്റൽ പ്രൈം മിനിസ്റ്ററു’ടെ പോസ്റ്റർ കാണാം…

July 24, 2018

ഇന്ത്യൻ മുൻ പ്രധാന മന്ത്രി മൻമോഹൻ സിങിന്റെ ജീവിത കഥ പറയുന്ന പുതിയ ചിത്രം ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ ഉടൻ എത്തും. ചിത്രത്തിന്റെ പോസ്റ്റർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിൽ മൻമോഹൻ സിങ്ങായി വേഷമിടുന്നത് അനുപം ഖേർ ആണ്. മൻമോഹൻ സിങ് പ്രധാന മന്ത്രിയായതിന് ശേഷമുള്ള ഒരു കാലഘട്ടത്തെക്കുറിച്ച് പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിജയ് ഗുട്ടെയാണ്.

പത്രപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ സഞ്ജയ് ബാറു 2014 ൽ എഴുതിയ ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ എന്ന പുസ്തകത്തെ ആധാരമാക്കി വിജയ് ഗുട്ടെ, മായങ്ക് തിവാരി എന്നിവർ ചേർന്നാണ് തിരക്കഥ തയാറാക്കിയിരിക്കുന്നത്. മൻമോഹൻ സിങ് പ്രധാന മന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ മാധ്യമ ഉപദേശകനായിരുന്നു സഞ്ജയ് ബാറു. ചിത്രത്തിൽ സഞ്ജയ് ബാറുവിനെ അവതരിപ്പിക്കുന്നത് അക്ഷയ് ഖന്നയാണ്.  സോണിയ ഗാന്ധിയായി ചിത്രത്തിൽ വേഷമിടുന്നത് ജർമ്മൻ താരമായ സൂസൻ ബെർണാട്ടാണ്.

ചിത്രത്തിൽ മൻമോഹൻ സിങ്ങിനൊപ്പം സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധി, എ പി ജെ അബ്ദുൽ കലാം, ശിവരാജ് പാട്ടിൽ, ഗുർശരൺ കൗർ തുടങ്ങി നിരവധി രാഷ്ട്രീയ പ്രമുഖർ അണിനിരക്കുന്നതാണ് ചിത്രം. ഈ താരങ്ങളെല്ലാവരും പാർലമെന്റ് ഹാളിൽ ഇരിക്കുന്ന ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.