ക്യാൻസറിനെക്കുറിച്ച് മകനോട് തുറന്നു പറഞ്ഞു; തളരാതെ ബോളിവുഡ് താരം സൊനാലി;

July 20, 2018

അഭിനയ മികവുകൊണ്ട് ആരാധക മനസിൽ കയറിക്കൂടിയ താരം സൊനാലി ബിന്ദ്രയുടെ രോഗത്തെക്കുറിച്ചുള്ള വാർത്ത ഏറെ ഞെട്ടലോടെയാണ് ആരാധകർ അറിഞ്ഞത്. തന്റെ രോഗത്തെക്കുറിച്ചുള്ള വാർത്ത താരം തന്നെയാണ് ലോകത്തോട് വിളിച്ച് പറഞ്ഞത്. എന്നാൽ അപ്പോഴൊന്നും നേരിടാത്ത മാനസീകാവസ്ഥയിലാണ് താൻ രോഗത്തെക്കുറിച്ച് മകനോട് തുറന്ന് പറഞ്ഞപ്പോൾ കടന്നുപോയതെന്ന് സൊനാലി പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം ഹൃദയ ഭേദകമായ കുറിപ്പ് പങ്കുവെച്ചത്.

എന്നാൽ തന്റെ മകൻ വളരെ പക്വതയോടെ കാര്യങ്ങളെ നേരിട്ടെന്നും, അവനിൽ തനിക്ക് അഭിമാനമുണ്ടെന്നും സൊനാലി അറിയിച്ചു. എല്ലാ കാര്യങ്ങളും മക്കളോട് പങ്കുവെക്കണമെന്നും അവർ വിഷമിക്കാതിരിക്കാൻ നമ്മൾ മറച്ചുവെയ്ക്കുന്ന പല കാര്യങ്ങളും പിന്നീട് ഗുരുതരമായ വീഴ്ചകളിലേക്ക് നയിക്കുമെന്നും സൊനാലി സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇതിനു മുമ്പും താരം തന്നെയാണ് രോഗവിവരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ടിരുന്നത്.

‘രോഗത്തെ നിയന്ത്രിക്കാന്‍ പ്രതിവിധികള്‍ ചെയ്യുക എന്നതിനേക്കാള്‍ നല്ല മാര്‍ഗങ്ങളില്ല, അതുകൊണ്ട് ഡോക്ടറുടെ നിര്‍ദേശ പ്രകാരം ഞാന്‍ ഇപ്പോള്‍ ന്യൂയോര്‍ക്കില്‍ ചികിത്സയിലാണ്. അര്‍ബുദത്തെ യുദ്ധം ചെയ്ത് കീഴടക്കാന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസത്തിലാണു ഞാൻ’, എന്നും സൊനാലി നേരത്തെ  ട്വിറ്ററിൽ കുറിച്ചിരുന്നു. സൊനാലിയുടെ കുറിപ്പിന്  പിന്തുണയുമായി നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിൽ എത്തിയത്. ചികിത്സയുടെ ഭാഗമായി സൊനാലിയുടെ മുടി മുറിക്കുന്ന വിഡിയോയും നേരത്തെ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.