ബ്രസീലിന്റെ കുട്ടി ആരാധകൻ ‘ചിന്തു’ ഇനി വെള്ളിത്തിരയിൽ…നന്ദി പറഞ്ഞ് സംവിധായകൻ

July 13, 2018

ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്തായതിൽ മനം നൊന്ത് കരയുന്ന കുട്ടി ആരാധകന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ടീം തോറ്റതിന്റെ വിഷമവും മറ്റുള്ളവർ കളിയാക്കുന്നതിന്റെ വിഷമവുമുള്ള കൊച്ചാരാധകൻ കരയുകയും ദേഷ്യപ്പെടുകയും ചെയ്യുന്ന വീഡിയോ സംവിധായകൻ അനീഷ് ഉപാസനയാണ് ഫേസ്ബുക്കിൽ ഷെയർ ചെയ്തത്.ഈ കുട്ടിയെ കണ്ടു പിടിച്ച് തരണമെന്നും തന്റെ അടുത്ത സിനിമയിലേക്ക് ഇവനെ കാസ്റ്റ് ചെയ്യാനാണെന്നും സംവിധായകൻ പറഞ്ഞിരുന്നു.

ഇപ്പോളിതാ ആളെ കണ്ടെത്തിയിരിക്കുകയാണ്. ചിന്തു  എന്നാണ് ഈ ബ്രസീൽ ആരാധകന്റെ പേര്. അനീഷിന്റെ സോഷ്യൽ മീഡിയ സുഹൃത്തുക്കളാണ് കുട്ടി ആരാധകനെ കണ്ടെത്തിയത്. കണ്ടെത്തി തന്നവർക്ക് നന്ദി പറയാനും സംവിധായകൻ  അനീഷ് മറന്നില്ല.

ബ്രസീൽ ടീം തോറ്റതിന് പിന്നാലെ തന്റെ ടീമിനെ കളിയാക്കിയവരുടെ മുൻപിലാണ് ഈ കൊച്ചു മിടുക്കൻ കരയുകയും ദേഷ്യപ്പെടുകയുമൊക്കെ ചെയ്യുന്നത്. ബ്രസീൽ തോറ്റതിന് എന്തിനാണ് എന്നെ കളിയാക്കുന്നതെന്ന് ചോദിക്കുന്ന കുട്ടി, നീ ബ്രസീൽ ഫാനല്ലെയെന്ന് ചോദിക്കുന്ന ആളോട് അർജന്റ്റിന തോറ്റപ്പോൾ ഞാൻ കളിയാക്കിയില്ലല്ലോയെന്നും മറുചോദ്യം  ചോദിക്കുന്നുണ്ട്. ബ്രസീലിനെ കളിയാക്കുന്നവരുടെ മുന്നിൽ വെല്ലുവിളിക്കുന്ന ഈ താരത്തിന്റെ  ടീമിനോടുള്ള ഇഷ്ടവും ആരാധനയുമെല്ലാം അവന്റെ വാക്കുകളിലൂടെ വ്യക്തമാവുകയാണ്.

ഈ ബ്രസീൽ ആരാധകന്റെ വീഡിയോ ആളുകളിൽ ചിരി പടർത്തിയെങ്കിലും ഇപ്പോൾ ഇവനെത്തേടി എത്തിയിരിക്കുന്നത് മഹാ ഭാഗ്യമാണ്. സംവിധായകൻ അനീഷ് ഉപാസനയാണ് ഈ കൊച്ചു മിടുക്കന്റെ വീഡിയോ കണ്ട് തന്റെ അടുത്ത സിനിമയിലേക്ക് ഇവനെ ക്ഷണിച്ചത്. അദ്ദേഹത്തിന്റെ പുതിയ സിനിമയായ ‘മധുരക്കിനാവി’ലേക്കാണ് ഈ കുട്ടിയെ സംവിധായകൻ അന്വേഷിച്ചത്.