സിം കാർഡുകളില്ലാതെ ഇനി ഫോൺ വിളിക്കാം….

July 13, 2018

ഇനി മുതൽ സിം കാർഡുകളില്ലാതെ ഫോൺ വിളിക്കാം. ഒരു സിമ്മിന് ഒരു നമ്പർ എന്ന സങ്കൽപം ഇല്ലാതാക്കുന്നതാണ് ബി എസ് എൻ എല്ലിന്റെ വിങ്. ഫിക്സഡ് മൊബൈൽ ടെലിഫോണി എന്ന സേവനമാണ് ബി എസ് എൻ എൽ മുന്നോട്ട് വയ്ക്കുന്നത്. ഇതിന്റെ ഫലമായി സിം ഇല്ലാതെ ഇന്റർനെറ്റ് ഉപയോഗിച്ച് ഫോൺ വിളിക്കാനാകും. ഒരു നമ്പറിനൊപ്പം ലോഗിൻ ചെയ്യാവുന്ന യൂസർ നെയിമും പാസ്‍വേർഡുമാണ് ഇതിൽ ലഭ്യമാകുക. വോയ്‌സ് ഓവർ ഇന്റർനെറ്റ് പ്രോട്ടോകോൾ വഴിയാണ് സിം ഇല്ലാതെ ഫോൺ വിളിക്കാൻ സാധിക്കുന്നത്.

റേഡിയോ തരംഗങ്ങൾ വഴിയാണ് നിലവിൽ കോളുകൾ ചെയുന്നത്. അതേസമയം പുതിയ പ്ലാനിൽ  പായ്ക്കറ്റ് ഡാറ്റയാണ്  ഉപയോഗിക്കുന്നത്. ആൻഡ്രോയിഡ്, ഐ ഒ  എസ്, വിൻഡോസ് തുടങ്ങി ഏതു പ്ലാറ്റ്ഫോമിലും പുതിയ വിങ് ഉപയോഗിക്കാൻ സാധിക്കും. ലാൻഡ് ഫോൺ അടക്കമുള്ള ഏത് ഫോണിലേക്കും ഇതുപയോഗിച്ച് കോളുകൾ ചെയ്യാം. സാധാരണ ഫോണിന്റ ചാർജുമാത്രമേ ഇതിലും ഈടാക്കുകയുള്ളു.

പുതിയ വിങ്ങിന്റെ സഹായത്തോടെ വിദേശത്തുനിന്നും ഇന്ത്യയിലേക്ക് വിളിക്കുമ്പോൾ സാധാരണ കോളുകളുടെ നിരക്കിൽ ഫോൺ ചെയ്യാനാകും എന്നതും ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്. ആദ്യ ഘട്ടത്തിൽ പോസ്റ്റ് പെയ്ഡ് പ്ലാനിലൂടെയാവും ഈ സൗകര്യം ലഭ്യമാകുക. പിന്നീട് പ്രീ പെയ്ഡായും ഇത് ലഭ്യമാക്കുമെന്നും ബി എസ് എൻ എൽ അധികൃതർ അറിയിച്ചു. 1099 രൂപയ്ക്ക് ഒരു വർഷത്തേക്ക്സൗജന്യ കോൾ സൗകര്യം ലഭ്യമാക്കുന്ന പ്ലാനാണ് ആദ്യം അവതരിപ്പിക്കുക.