പൊട്ടിച്ചിരിപ്പിച്ചും കണ്ണുനനയിച്ചും ‘ചാലക്കുടിക്കാരൻ ചങ്ങാതി’;കലാഭവൻ മണിയുടെ ശബ്ദത്തിൽ ചിത്രത്തിലെ ആദ്യ ഗാനം കാണാം…

July 20, 2018

നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടനായിരുന്നു കലാഭവൻ മണി. യാതൊരു താര പരിവേഷവും കൂടാതെ ജീവിച്ച മണിയുടെ മരണം തികച്ചും നാടകീയമായിരുന്നു.  കലാ കേരളത്തെ കണ്ണീരിലാഴ്ത്തി കാല യവനികക്കുള്ളിൽ മറഞ്ഞു പോയ അനശ്വര നടൻ കലാഭവൻ മണിയുടെ ജീവിതം വരച്ചു കാട്ടുന്ന ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രത്തിലെ പുതിയ ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. കലാഭവൻ മണിയുടെ ശബ്ദത്തിൽ പുറത്തിറങ്ങിയ ഗാനത്തിന് തികഞ്ഞ സ്വീകാര്യതയാണ് ലഭിച്ചത്. മണിതന്നെ നേരത്തെ ആലപിച്ച ‘ആരോരുമാവാത്ത കാലത്ത് ഞാനന്ന് ഓട്ടി നടന്ന വണ്ടി’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ റീ മിക്‌സാണ് പുറത്തിറങ്ങിയിരിക്കുന്നത്.

മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന പ്രശസ്ത സംവിധായകൻ വിനയൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ചാലക്കുടിക്കാരൻ ചങ്ങാതി. മിനിസ്‌ക്രീനിലൂടെ മലയാളികൾക്ക് ഏറെ പരിചിതനായ രാജാമണിയാണ് കലാഭവൻ മണിയുടെ വേഷത്തിലെത്തുന്നത്. സലിം കുമാർ, ജനാർദ്ദനൻ, ധർമ്മജൻ, കോട്ടയം നസീർ, കൊച്ചുപ്രേമൻ, ടിനി ടോം, കലാഭവൻ സിനോജ് തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

നേരത്തെ പുറത്തിറക്കിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ  ‘പ്രിയ സുഹൃത്തുക്കൾക്കു മുന്നിൽ സമർപ്പിക്കുന്നു..കലാഭവൻമണി മഹാനായ ഒരു കലാകാരനും അതിനോടൊപ്പം സാധാരണക്കാരിൽ സാധാരണക്കാരനായ ,ഒരു മനുഷ്യനുമായിരുന്നു. അതുകൊണ്ടുതന്നെ മണിയുടെ തമാശുകളും, കണ്ണുനിറയിക്കുന്ന ജീവിത മുഹൂർത്തങ്ങളും ഒക്കെ ചാലക്കുടിക്കാരൻ ചങ്ങാതിയിൽ നിങ്ങൾക്കു പ്രതീക്ഷിക്കാം..”  പുറത്തിറക്കിക്കൊണ്ട് വിനയൻ നേരത്തെ  ഫേസ്ബുക്കിൽ കുറിച്ചിരുന്നു.