സൊമാലിയയിലെ പാവങ്ങൾക്ക് സ്കൂളും ആശുപത്രിയും വേണം; 750 കിലോമീറ്റർ സൈക്കിൾ ഓടിച്ച് സന്നദ്ധ പ്രവർത്തകർ
സൊമാലിയയിൽ സ്കൂളും ആശുപത്രിയും സ്ഥാപിക്കുന്നതിനായി സന്നദ്ധ പ്രവർത്തകർ സൈക്കിൾ ഓടിക്കുന്നത് 750 കിലോ മീറ്റർ. സ്വീഡനിൽ നിന്ന് ആരംഭിച്ച് ജർമ്മനിയിലെ ഹംബർഗിലെത്തുന്ന രീതിയിലാണ് സൈക്ലിങ് നടത്തുന്നത്. 35 രാജ്യങ്ങളിൽ നിന്നായി നിരവധി മത്സരാർത്ഥികളാണ് സൈക്ലിങ് മത്സരത്തിൽ പങ്കാളികളാകുന്നത്. ലോകത്തിലെ ദാരിദ്ര്യ രാജ്യമായ സൊമാലിയയിൽ സ്കൂൾ നിർമ്മിക്കുന്നതിനായി 2.30 ലക്ഷം റിയാൽ കണ്ടെത്തുക, ആശുപത്രി കെട്ടുന്നതിന് 2.10 ലക്ഷം റിയാൽ കണ്ടെത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സൈക്ലിങ് മത്സരം നടത്തുന്നത്.
സ്വീഡനിൽ ആരംഭിച്ച ഗ്ലോബൽ ബൈക്കിങ് ഇനിഷ്യേറ്റീവ് (ജി ബി ഐ) ആണ് സന്നദ്ധ പ്രവർത്തനവുമായി മുന്നോട്ട് വന്നത്. തുടർന്ന് ഇവർക്കൊപ്പം ഖത്തർ സൈക്ലിസ്റ്റുകളും യൂറോപ്പിൽ നിന്നും ചേർന്നു. സൊമാലിയയിലെ പട്ടിണി പാവങ്ങൾക്ക് വേണ്ടി നടപ്പിലാക്കുന്ന സൈക്ലിങ് മത്സരത്തിൽ ഖത്തറിൽ നിന്നുള്ള 38 സൈക്ലിസ്റ്റുകളും ചേർന്നിരുന്നു. കഴിഞ്ഞ മൂന്ന് വർഷങ്ങളിലും ഗ്ലോബൽ ബൈക്കിങ് ഇനിഷ്യേറ്റീവിനൊപ്പം ഖത്തർ ചാരിറ്റി പ്രവർത്തനങ്ങളുമായി ചേർന്നിരുന്നു.
യു എൻ ഹൈക്കമ്മീഷ്ണർ ഫോർ റെഫ്യൂജീസുമായി ചേർന്ന് ഖത്തർ ചാരിറ്റിയാണ് സൊമാലിയയിൽ സന്നദ്ധ പ്രവർത്തനങ്ങളുടെ പദ്ധതി നടത്തുന്നത്.