ആക്ഷൻ ഹീറോയായി ധനുഷ്; ‘വാടാചെന്നൈ’യുടെ ടീസർ കാണാം…

July 29, 2018

ധനുഷ് നായകനായി എത്തുന്ന പുതിയ ചിത്രം’വാടാചെന്നൈ’യുടെ ടീസര്‍ പുറത്തിറങ്ങി. മൂന്നു ഭാഗങ്ങളായി ചിത്രീകരിക്കുന്ന ചിത്രമാണ് വാടാചെന്നൈ. ധനുഷിന്റെ മൂന്ന് വ്യത്യസ്തമായ ലുക്കുകളോടെയാണ് ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത്. ധനുഷിന് ദേശീയ പുരസ്‌ക്കാരം നേടി കൊടുത്ത ആടുകളത്തിന്റെ സംവിധായകൻ  വെട്രിമാരൻ സംവിധാനം ചെയ്യുന്ന ‘വാടാചെന്നൈ’ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

സ്ലോ മൂവിങ് വിഷ്വലുകളും ഗ്യാങ്‌സ്റ്റര്‍ മ്യൂസിക്കുമാണ് ‘വാടാചെന്നൈ’യുടെ ടീസറിലുള്ളത്. എഴുപതുകളിലെ കാലഘട്ടം സൂചിപ്പിക്കുന്ന ഹെയര്‍ സ്റ്റൈലും വസ്ത്രധാരണവുമാണ് ധനുഷും സമുദ്രക്കനിയുമൊക്കെ ഈ ചിത്രത്തിൽ കാണിക്കുന്നത്. കട്ട താടിയിലും താടിയില്ലെതെയുമൊക്കെയാണ് ചിത്രത്തിൽ ധനുഷ് പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിൽ ധനുഷിനൊപ്പം സമുദ്രക്കനിയും ആന്‍ഡ്രിയ ജെറമിയയും ഒക്കെ  വ്യത്യസ്തമായ ലുക്കുകളില്‍ എത്തുന്നുണ്ട്. ചിത്രത്തിൽ  ഐശ്വര്യ രാജേഷും  പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

താരത്തിന്റെ പിറന്നാൾ ദിനത്തിലാണ് പുതിയ ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ഈ ചിത്രം ധനുഷിന്റെ ജീവിതത്തിലെ നാഴികക്കല്ലായി മാറുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നത്.