‘ട്രാൻസി’ന്റെ വിശേഷങ്ങൾ പങ്കുവെച്ച് ഫഹദ്…

July 7, 2018

നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ ഫഹദ് ഫാസിൽ നായകനായെത്തുന്ന അൻവർ റഷീദ് ചിത്രം ‘ട്രാൻസി’ന്റെ വിശേഷങ്ങൾ പങ്കുവെച്ച് ഫഹദ്. തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായിരിക്കും ‘ട്രാൻസ്’ എന്നാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് നടന്നു കൊണ്ടിരിക്കുകയാണ് ഇനിയും രണ്ട്  മാസത്തോളം നീണ്ടുനിൽക്കുന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞാൽ മാത്രമേ ചിത്രത്തെക്കുറിച്ച് എന്തെങ്കിലും പറയാനാകൂ.

സാധാരണ അധികം കൊട്ടിഘോഷങ്ങളില്ലാതെ  എത്തി പ്രേക്ഷക ഹൃദയം കീഴടക്കി പോകുന്ന പതിവാണ് ഫഹദ് ചിത്രങ്ങൾക്കുള്ളത്. അതുപോലെ തന്നെ  ഈ ചിത്രവും കാണികളുടെ കൈയ്യടി വാങ്ങുമെന്നതിൽ സംശയമില്ല. ഇത്തവണ ചിത്രത്തിൽ ഫഹദിന്റെ വരവിലും സിനിമയുടെ ചിത്രീകരണത്തിലും തികച്ചും വ്യത്യസ്ഥത ഉണ്ടാകുമെന്നും പ്രേക്ഷകർ ഇതുവരെ കാണാത്ത പുതുമായിരിക്കും ചിത്രത്തെ വ്യത്യസ്ഥമാക്കുന്നതെന്നും താരം വ്യക്തമാക്കി. ഒരു പ്രമുഖ മാധ്യമത്തോടാണ് താരം അഭിപ്രായം വ്യക്തമാക്കിയത്.

സംവിധായകനായ അമൽ നീരദാണ് ‘ട്രാൻസി’ൽ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. അമൽ നീരദിന്റെ പുതിയ ചിത്രം വരത്തനിലും നായകനായി എത്തുന്നത് ഫഹദ് ഫാസിൽ തന്നെയാണ്. അമൽ – ഫഹദ് കൂട്ടുകെട്ടിലൊരുങ്ങിയ ‘ഇയ്യോബിന്റെ പുസ്തക’വും മികച്ച വിജയമായിരുന്നു. മലയാളത്തിന് മികച്ച സിനിമകൾ സമ്മാനിച്ച സത്യൻ ശ്രീനിവാസൻ കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രത്തിലും നായകനായി എത്തുന്നത് ഫഹദാണ്. 17 വർഷത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രത്തിൽ നിഖില വിമലാണ് ഫഹദിന്റെ നായികയായി എത്തുന്നത്.