ഏകദിനത്തിൽ ചരിത്രമെഴുതി പാക് താരം ഫഖർ സമാൻ

July 20, 2018

ഏകദിന ക്രിക്കറ്റ് മത്സരത്തിൽ ചരിത്രം സൃഷ്‌ടിച്ച് പാക്കിസ്ഥാൻ ഓപ്പണർ ഫഖർ സമാൻ. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആദ്യ ഡബിള്‍ സെഞ്ച്വറി നേടുന്ന പാക് താരം എന്ന നേട്ടമാണ് ഇപ്പോൾ  ഫഖര്‍ സമാന്‍ സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ ഏകദിന ക്രിക്കറ്റ് മാച്ചിൽ ഡബിൾ സെഞ്ച്വറി നേടുന്ന ലോകത്തിലെ ആറാമത്തെ താരമെന്ന ബഹുമതിയും ഫഖറിന് അവകാശപ്പെട്ടതായി.

സിംബാവെക്കെതിരെ നടന്ന മത്സരത്തിലാണ് 156 പന്തില്‍ 24 ഫോറും അഞ്ച് സിക്‌സും നേടി  210 റൺസോടെ ഫഖര്‍ സമാന്‍ പുറത്താകാതെ ഡബിള്‍ സെഞ്ച്വറി കരസ്ഥമാക്കിയത്. ഇതോടെ ഒരു പാക് താരത്തിന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറായ സയ്യിദ് അന്‍വറിന്റെ 194 റണ്‍സ് എന്ന റെക്കോഡും ഫഖർ തിരുത്തിക്കുറിച്ചു. വളരെ കാലങ്ങളായി അന്താരാഷ്ട്ര ക്രിക്കറ്റിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറായിരുന്നു സയ്യിദ് അന്‍വറിന്റെ 194 റണ്‍സ്.

ഫഖറിനൊപ്പം കളിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് ഇമാമുല്‍ ഹഖിൻ. ഫഖറിന്റെ ഡബിൾ സെഞ്ച്വറിയുടെയും ഇമാമുലിന്റെ സെഞ്ച്വറിയുടേയും സഹായത്തോടെ പാകിസ്താന്‍ 50 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സെടുത്തു. ആസിഫ് അലി 22 പന്തില്‍ 50 റണ്‍സ് നേടി സമാനൊപ്പം ക്രീസില്‍ പുറത്താകാതെ നിന്നു.