‘അതിർത്തി അശാന്തം’; മൂന്ന് പേർ കൊല്ലപ്പെട്ടു

March 2, 2019

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് പ്രദേശവാസികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.  അമ്മയും  കുട്ടികളുമടക്കം മൂന്നുപേര്‍ കൊല്ലപ്പെട്ടതയാണ് ജമ്മുകശ്മീർ പോലീസ് അറിയിക്കുന്നത്. ആക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുമുണ്ട്. പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. ഷെല്ലാക്രമണത്തില്‍ മൂന്ന് വീടുകള്‍ക്കും  കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. ഇതേ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുകയായിരുന്നു.

പൂഞ്ച് ജില്ലയിലെ സലോത്രിയിലാണ് സംഭവം അരങ്ങേറിയത്. റുബാന കൗസര്‍ എന്ന സ്ത്രീ, ഇവരുടെ മകന്‍ ഫസാന്‍, ഒമ്പതുമാസം പ്രായമുള്ള മകള്‍ ഷബ്‌നം എന്നിവരാണ് പാക് ഷെല്ലാക്രമണത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. കഴിഞ്ഞ എട്ടുദിവസമായി പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പ്രകോപനം തുടരുകയാണ്.

അതേ സമയം കുപ് വാരയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് സുരക്ഷാസേന ഉദ്യോഗസ്ഥനും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടു. ഭീകരര്‍ക്കായുള്ള തെരച്ചിലിനിടെ ഉണ്ടായ ഏറ്റുമുട്ടലിലാണ് സുരക്ഷാസേന ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടത്. രണ്ട് പൊലീസ് ഉദ്യോഗസ്ഥരും രണ്ട് സി ആര്‍ പി എഫ് ജവാന്‍മാരുമാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

അതേസമയം പാകിസ്താന്റെ പിടിയിലായ ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദൻ വര്‍ധമാനെ ഇന്നലെ പാക്കിസ്ഥാൻ വിട്ടയച്ചു. പാകിസ്താന്റെ പിടിയിലായ ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ വിട്ടയയ്ക്കുമെന്ന് കഴിഞ്ഞ ദിവസം നടത്തിയ പാര്‍ലമെന്റ് സമ്മേളനത്തില്‍ പാക് പ്രധാന മന്ത്രി ഇമ്രാന്‍ ഖാന്‍ അറിയിച്ചിരുന്നു.

അഭിനന്ദന്റെ മാതാപിതാക്കള്‍ അടക്കം വാഗാ അതിര്‍ത്തിയില്‍ വൈമാനികന്റെ തിരിച്ചുവരവ് കാത്തിരിക്കുകയായിരുന്നു. വലിയ സ്വീകരണമാണ് അതിര്‍ത്തിയില്‍ അഭിനന്ദന് വേണ്ടി ഒരുക്കിയത്. സൈനിക വിമാനത്തിലാണ് അഭിനന്ദനെ റാവല്‍പിണ്ടിയില്‍ നിന്നും ലാഹോറിലെത്തിച്ചത്. അവിടെനിന്നും റോഡ് മാര്‍ഗം വാഗാ അതിര്‍ത്തിയിലെത്തി. എയര്‍ വൈസ് മാര്‍ഷല്‍മാര്‍ വാഗ- അട്ടാരി ചെക്‌പോസ്റ്റില്‍ സ്വീകരിച്ചു. വ്യോമസേനയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥരും വാഗ അതിര്‍ത്തിയില്‍ എത്തിയിരുന്നു.

അഭിനന്ദനെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യ നിലപാട് കടുപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പാകിസ്താന്റെ നടപടി. അതേസമയം ഇന്ത്യയുടെ കടുത്ത നിലപാടിനെത്തുടര്‍ന്നാണ് ഇത്രവേഗം വൈമാനികനെ വിട്ടുനല്‍കാന്‍ പാക്കിസ്താന്‍ തയ്യാറായതെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്.