‘അനാട്ടമി ഓഫ് കാമുകനു’മായി ഗൗതം വാസുദേവ മേനോൻ മലയാളത്തിലേക്ക്…

July 20, 2018

‘വാരണം ആയിരം’, ‘വിന്നൈ താണ്ടി വരുവായ’ തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികളുടെയും  തമിഴകത്തിന്റെയും പ്രിയപ്പെട്ടവനായി മാറിയ ഗൗതം വാസുദേവ മേനോന്‍ ഇനി മലയാളത്തിലേക്ക്. ‘അനാട്ടമി ഓഫ് കാമുകന്‍’ എന്ന വെബ് സീരീസുമായാണ് സംവിധായകന്‍ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

മലയാളത്തിലെ ടെലിവിഷന്‍ അഭിനേതാവ് വിഷ്ണു അഗസ്ത്യയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നത്. തമ്പി, ശരത്ത് മോഹന്‍, മേഘാ തോമസ്, വിഷ്ണു അഗസ്ത്യ എന്നിവര്‍ ചേര്‍ന്നാണ് അനാട്ടമി ഓഫ് കാമുകന്‍’ എന്ന വെബ് സീരീസിന് തിരക്കഥ എഴുതിയിരിക്കുന്നത്.

ഗൗതം മേനോന്റെ ഉടമസ്ഥതയിലുള്ള ഓൻഡ്രാഗ എന്റര്‍ടെയ്ന്‍മെന്റ്സ് നിര്‍മ്മിക്കുന്ന ‘അനാട്ടമി ഓഫ് കാമുകന്‍’ സംവിധാനം ചെയ്യുന്നത് അമല്‍ തമ്പിയാണ്. കഴിഞ്ഞ നാല് വര്‍ഷമായി തമിഴ് സിനിമാ മേഖലയില്‍ അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്യുകയാണ് അമല്‍. ഓൻഡ്രാഗയുടെ യൂട്യൂബ് ചാനലില്‍ ആയിരിക്കും വെബ്‌സീരിസ് അപ്ലോഡ് ചെയ്യുക. ചിത്രത്തിന് എത്ര എപ്പിസോഡ് ഉണ്ടായിരിക്കുമെന്ന് വ്യക്തമല്ല.