നിറകണ്ണുകളോടെ സ്വർണ്ണ കപ്പിൽ മുത്തമിട്ട് ലൂക്കാ മോ‍ഡ്രിച്ച്‌…

July 16, 2018

ആവേശപ്പോരാട്ടത്തിനൊടുവിൽ ലോകകപ്പിൽ വീണ്ടും ഫ്രഞ്ച് വിപ്ലവം സൃഷ്ടിക്കപ്പെട്ടപ്പോൾ റഷ്യൻ ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോളിൽ മുത്തമിട്ട് ക്രൊയേഷ്യൻ നായകൻ ലൂക്കാ മോ‍ഡ്രിച്ച്‌. അവസാന നിമിഷം വരെ പൊരുതിയിട്ടും ഫൈനലില്‍ ഫ്രാന്‍സിനോട് തോറ്റ് ലോകകപ്പെന്ന സ്വപ്‌നം ചിതറിപ്പോയപ്പോള്‍ മോഡ്രിച്ചെന്ന മികച്ച നായകന് എങ്ങനെ സന്തോഷിക്കാന്‍ സാധിക്കും…

ബൽജിയം ക്യാപ്റ്റൻ ഏ‍ഡൻ ഹസാർഡ്, ഫ്രഞ്ച് താരം അന്റോയിൻ ഗ്രീസ്മൻ എന്നിവരെ പിന്തള്ളിയാണ് മോ‍ഡ്രിച്ച് സ്വർണ കപ്പ് നിറകണ്ണുകളോടെ സ്വന്തമാക്കിയത്. ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടും ഫൈനൽ കാണാതെ പുറത്തായ  ഇംഗ്ലണ്ട് ടീമിന് നേരിയ ആശ്വാസം പകരുന്നതാണ് ആറു ഗോളുകളുമായി ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ൻ ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് കരസ്ഥമാക്കിയത്.

മികച്ച യുവതാരത്തിനുള്ള പുരസ്കാരം ഫ്രഞ്ച് താരം കൈലിയൻ എംബപെ നേടിയപ്പോൾ ലോകകപ്പ് കിരീടം നേടിയ ഫ്രഞ്ച് ടീമിന് അത് ഇരട്ടി മധുരമായി.  ഈ ലോകകപ്പിലാകെ നാലു ഗോളുകൾ നേടിയാണ് പത്തൊൻപതുകാരനായ എംബപെ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്.

ലോകകപ്പ് നേടിയ ഫ്രഞ്ച് ക്യാപ്റ്റൻ ഹ്യൂഗോ ലോറിസ് ഉൾപ്പെടെയുള്ളവരെ പിന്തള്ളിയാണ് മികച്ച ഗോൾകീപ്പറിനുള്ള ഗോൾഡൻ ഗ്ലൗ പുരസ്കാരം ബൽജിയത്തിന്റെ തിബോ കുർട്ടോ നേടിയത്. കളിയിലുടനീളം കുർട്ടോ നേടിയ സേവുകളാണ് താരത്തിന് ഈ പുരസ്‌കാരം നേടിക്കൊടുത്തത്.