ഇടുക്കി അണക്കെട്ട് തുറക്കുന്നു; ആശങ്ക വേണ്ട, കരുതലോടെ ഇരിക്കാൻ ജില്ലാ ഭരണകൂടം

July 31, 2018

കനത്ത മഴയെത്തുടർന്ന് ഇടുക്കിയിലെ  ഇടമലയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. അതേസമയം  മഴയെ തുടര്‍ന്ന് ഇടുക്കി ഡാം അതിവേഗം നിറയുന്ന സാഹചര്യത്തില്‍ ട്രയല്‍ റണ്‍ നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തരയോഗമാണ് ട്രയല്‍ റണ്‍ നടത്താന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കിയത്. 12;30 നാണ് ട്രയൽ റൺ   തീരുമാനിച്ചിരിക്കുന്നതെന്ന്  വൈദ്യുതി മന്ത്രി എം എം മണി അറിയിച്ചു. എന്നാൽ ഇത് സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പ്രചരിക്കുന്ന തെറ്റായ വാര്‍ത്തകളില്‍ വഞ്ചിതരാകരുതെന്നും ജനപ്രതിനിധികള്‍ അറിയിച്ചു.

അതേസമയം രാവിലെ 11 മണിക്കാണ് ചെറുതോണി ഡാം തുറക്കാൻ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ ഇടമലയാർ  ഡാം തുറന്നതിനെത്തുടർന്നാണ് ഇത് 12:30 ന്  തുറക്കാൻ സർക്കാർ നിർദേശിച്ചത്. ഇടമലയാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ അടച്ച ശേഷമായിരിക്കും ഇടുക്കി ഡാമിന്‍റെ ഷട്ടറുകള്‍ തുറക്കാനാണ് സാധ്യത. രാവിലെ അഞ്ച് മണിക്കാണ് ഇടമലയാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നത്. ഈ വെള്ളം ആലുവയില്‍ എത്തി തുടങ്ങിയിട്ടുണ്ട്. പ്രദേശത്തെ പലയിടത്തും വെള്ളം കയറിയതായാണ് റിപ്പോര്‍ട്ട്. മുകളിലെ ഡാമുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ ഭൂതത്താന്‍ അണക്കെട്ടില്‍ 15 ഷട്ടറുകളും ഇതിനോടകം തുറന്നിട്ടുണ്ട്.

അതേസമയം കഴിഞ്ഞ ആഴ്ച കനത്ത മഴയെത്തുടർന്ന്  ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395.34 അടിയിലെത്തിയിരുന്നു.. വെള്ളം 2395 അടി പിന്നിട്ടതോടെ വൈദ്യുതി ബോർഡ് രണ്ടാമത്തെ ജാഗ്രതാ നിർദേശമായ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിരുന്നു. 2397 അടിയായാൽ പരീക്ഷണാർഥം ഷട്ടർ തുറക്കാനാണ്  തീരുമാനിച്ചിരുന്നത്. 2399 അടിയാകുമ്പോൾ അതീവ ജാഗ്രതാ നിർദേശമായ റെഡ് അലർട്ട് പുറപ്പെടുവിക്കാനും തീരുമാനിച്ചിരുന്നു. അതേസമയം ഇന്ന് രാവിലെ പത്ത് മണിയ്ക്ക് 2398.8 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്. ജലനിരപ്പ് ക്രമാതീതമായി ഉയരുകയും സംഭരണശേഷി കടക്കുകയും ചെയ്താല്‍ എപ്പോള്‍ വേണമെങ്കിലും ട്രയല്‍ റണ്‍ നടത്താനാണ് സര്‍ക്കാര്‍ നിര്‍ദേശം. ആദ്യഘട്ടത്തിന് ശേഷവും ഇടുക്കി ഡാമില്‍ വെള്ളം കുറഞ്ഞില്ലെങ്കില്‍ കൂടുതല്‍ ഷട്ടറുകള്‍ തുറക്കാനും സാധ്യതയുണ്ട്.  2403 അടിയാണു ഡാമിന്റെ പരമാവധി ശേഷി.

ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുകയാണ്. അടിയന്തര സാഹചര്യങ്ങളെ നേരിടാൻ ദുരന്ത നിവാരണ സേന സ്ഥലത്തെത്തിയിട്ടുണ്ട്. ഇടുക്കി പൈനാവിലെ സ്കൂളിലാണ് സംഘം ക്യാമ്പ് ചെയ്യുന്നത്. അടിയന്തര സാഹചര്യം നേരിടാന്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമെന്ന് ജില്ലാഭരണകൂടം വിശദമാക്കിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ ആശങ്കാജനകമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് പരിഭ്രാന്തി സൃഷ്ടിക്കുന്നവര്‍ക്കെതിരെ ഐ.ടി നിയമത്തിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്നും ജനപ്രതിനിധികള്‍ ചേർന്ന യോഗത്തില്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ഷട്ടറുകള്‍ തുറക്കുന്ന സാഹചര്യമുണ്ടായാല്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികളെല്ലാം പൂര്‍ത്തിയായതായി അധികൃതർ  അറിയിച്ചു. ദുരന്ത നിവാരണ സേനയ്ക്ക് പുറമെ കരസേന, നാവികസേന, വായുസേന, തീരസംരക്ഷണസേന എന്നിവയും സേവനത്തിന് സന്നദ്ധമായി നിലയുറപ്പിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയാല്‍ ചെറുബോട്ടുകള്‍ വിന്യസിച്ച് രക്ഷാപ്രവര്‍ത്തനം നടത്തും.