21 വർഷത്തിന് ശേഷം ഇന്ത്യയും ചൈനയും നേർക്കുനേർ; ചരിത്രം കുറിക്കാൻ ഇന്ത്യൻ ഫുട്ബോൾ ടീം
21 വർഷങ്ങൾക്ക് ശേഷം ഇന്ത്യയും ചൈനയും ചരിത്ര പോരാട്ടത്തിനൊരുങ്ങുമ്പോൾ ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യൻ ഫുട്ബോൾ ടീം കാത്തിരിക്കുന്നത്. ചരിത്രത്തിൽ ആദ്യമായി ചൈനയുമായി ഒരു സൗഹൃദ ഫുട്ബോൾ മത്സരം കളിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ ടീം. ഒക്ടോബർ എട്ടിനും പതിനാറിനും ഇടയിലായിരിക്കും മത്സരം നടക്കുക. ഇതുമായി ബന്ധപ്പെട്ട് ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനാണ് പ്രഖ്യാപനം നടത്തിയത്.
1997 ല്‍ കൊച്ചിയില്‍ നടന്ന നെഹ്റു കപ്പ് മത്സരത്തിലാണ് അവസാനമായി ഇന്ത്യയും ചൈനയും നേര്‍ക്കുനേർ പോരാടിയത്. ആകെ 17 മത്സരങ്ങളിലാണ് ഇരുടീമുകളും നേർക്കുനേർ ഏറ്റുമുട്ടിയത്. അതിൽ 12 തവണയും ചൈന വിജയം കരസ്ഥമാക്കിയപ്പോൾ 5 തവണ മത്സരം സമനിലയിൽ പിരിയുകയായിരുന്നു. അതേസമയം ഇത്തവണ ചൈനയുമായി ഏറ്റുമുട്ടാൻ തയ്യാറെടുക്കുമ്പോൾ ഏറെ ആത്മവിശ്വാസത്തോടെയാണ് ഇന്ത്യൻ ടീം.
ഫിഫ റാങ്കിംഗില്‍ എഴുപത്തഞ്ചാം സ്ഥാനത്താണ് ഇപ്പോൾ ചൈനയുള്ളത്. ചൈനയുമായി സൗഹൃദ മത്സരം കളിക്കാന്‍ കഴിയുന്നത് ഇന്ത്യന്‍ ഫുട്ബോളിനെ സംബന്ധിച്ചിടത്തോളം മികച്ച അവസരമാണ്. അടുത്ത വർഷം ഏഷ്യാ കപ്പ് ഫുട്ബോൾ മത്സരം നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യക്ക് ഇത് മികച്ച ഒരു തയാറെടുപ്പുകൂടിയായിരിക്കും.