കടൽ കടന്നും റെക്കോർഡ് നേടി ‘ദൃശ്യം’…

July 30, 2018

മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റുകളിൽ ഒന്നാണ് മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം. നിരവധി റെക്കോർഡുകൾ മലയാളത്തിൽ വാരിക്കൂട്ടിയ ഈ ചിത്രം മലയാളത്തിൽ വലിയ വിജയം കൈവരിച്ചതിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലേയ്ക്കും റീമേക്ക് ചെയ്തിരിന്നു. ഇവിടെയും ഇരുകൈകളും നീട്ടിയാണ് പ്രേക്ഷകർ സിനിമ ഏറ്റുവാങ്ങിയത്.

എന്നാൽ ഇപ്പോൾ ചിത്രത്തെതേടി മറ്റൊരു റെക്കോർഡ് കൂടി എത്തിയിരിക്കുകയാണ്. അതും അങ്ങ് ശ്രീലങ്കയിൽ നിന്ന്. ദൃശ്യത്തിന്റെ ശ്രീലങ്കൻ പതിപ്പ് ശ്രീലങ്കയിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായി മാറിയിരിക്കുന്നു. ഈ സന്തോഷം പങ്കിടാൻ ദൃശ്യത്തിന്റെ സംവിധായകനായ ജീത്തു ജോസഫിനെ ശ്രീലങ്കയിലേയ്ക്ക് ചിത്രത്തിന്റെ  അണിയറപ്രവർത്തകർ ക്ഷണിച്ചിരിക്കുകയാണ്. ‘ധർമയുദ്ധാ’ എന്നായിരുന്നു ശ്രീലങ്കൻ പതിപ്പിന്റെ പേര്.

ശ്രീലങ്കന്‍ സംവിധായകനായ ചെയ്യാര്‍ രവിയാണ് ചിത്രം സംവിധാനം ചെയ്തത്. ജാക്സൺ ആന്റണി മോഹൻലാലിന്റെ വേഷം അവതരിപ്പിച്ചപ്പോൾ ദിൽഹാനി, മീനയുടെ വേഷം ചെയ്തു. തമിഴില്‍ കമല്‍ഹാസനും തെലുങ്കില്‍ വെങ്കിടേഷും ഹിന്ദി വേർഷനിൽ അജയ് ദേവ്ഗണുമായിരുന്നു ജോര്‍ജ്കുട്ടിയുടെ വേഷം അവതരിപ്പിച്ചത്. ചിത്രത്തിന്റെ വിജയത്തെക്കുറിച്ചും ശ്രീലങ്കയിലേക്കുള്ള  ക്ഷണത്തെക്കുറിച്ചും ചിത്രത്തിന്റെ സംവിധായകൻ ജിത്തു ജോസഫ് തന്നെയാണ്  സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.