ക്രൊയേഷ്യയുടെ ഫൈനലും കാലിനിച്ചിന്റെ കഷ്ടകാലവും..!
റഷ്യൻ ലോകകപ്പിനെത്തിയ ക്രോയേഷ്യൻ ടീമിലെ പ്രമുഖ കളിക്കാരിൽ ഒരാളായിരുന്നു നിക്കോള കാലിനിച്ച്. ഇറ്റാലിയൻ സീരി എ യിലെ വമ്പന്മാരായ ഇന്റർമിലാന്റെ സ്‌ട്രൈക്കറായ കാലിനിച്ച് ഒരു സൂപ്പർ താരപരിവേഷവുമായാണ് ക്രോയേഷ്യയിൽ വന്നിറങ്ങിയതും. പക്ഷെ ലോകകപ്പിലെ ഹീറോകളിൽ ഒരാളാകേണ്ടിയിരുന്ന താരമിപ്പോൾ വെറും സീറോയായി മാറിയിരിക്കുകയാണ്. ഗ്രൂപ്പ് ഡി യിൽ നൈജീരിയക്കെതിരായ ക്രോയേഷ്യയുടെ ആദ്യ മത്സരത്തിനിടെ കാണിച്ച അഹങ്കാരമാണ് കാലിനിച്ചിനെ ഒന്നുമല്ലാതാക്കി മാറ്റിയത്.
സംഭവം ഇങ്ങനെയാണ്..നൈജീരിയക്കെതിരായ മത്സരത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് ടീം മുന്നിൽ നിൽക്കെ കാലിനിച്ചിനോട് പകരക്കാരനായി കളത്തിലിറങ്ങാൻ കോച്ച് ഡാലിക്ക് ആവശ്യപ്പെട്ടു.എന്നാൽ മത്സരത്തിന്റെ തുടക്കം മുതലേ ആദ്യ ഇലവനിൽ സ്ഥാനം ലഭിക്കാതിരുന്നതിന്റെ അമർഷവുമായി നിൽക്കുകയായിരുന്ന കാലിനിച്ച് കോച്ചിന്റെ ആവശ്യം നിരാകരിച്ചു. പകരക്കാരനായി ഇറങ്ങാൻ സമ്മതമല്ലെന്ന് തീർത്തു പറയുകയും ചെയ്തു
താരത്തിന്റെ മോശം പെരുമാറ്റം കണ്ട പരിശീലകൻ ഡാലിക്ക് കൂടുതലൊന്നും ആലോചിച്ചില്ല.നൈജീരിയക്കെതിരായ മത്സരത്തിന് ശേഷം ടീമിലെ ‘സൂപ്പർ താര’ത്തെ നാട്ടിലേക്ക് മടക്കി അയച്ചു. ക്രോയേഷ്യയുടെ സ്വപ്ന തുല്യമായ ലോകകപ്പ് യാത്രയിൽ നിരാശയിലാണ്ട ഏക ക്രോയേഷ്യൻ താരം ഒരു പക്ഷെ കാലിനിച്ചായിരിക്കും. പെരുമാറ്റ ദൂഷ്യത്തിന്റെ പേരിൽ റഷ്യൻ ലോകകപ്പിൽ നിന്നും മടക്കി അയക്കപ്പെട്ട ആദ്യ താരമെന്ന പേരു ദോഷവുമായാണ് കാലിനിച്ച് നാട്ടിലെത്തിയത്. ഞായറാഴ്ച ഫ്രാൻസിനെ കീഴടക്കി ക്രൊയേഷ്യ കിരീടം നേടിയാൽ വിജയികൾക്കുള്ള മെഡൽ അണിയാൻ കാലിനിച്ചിന് കഴിയില്ല. മറിച്ച് കലാശപ്പോരാട്ടത്തിൽ തോൽവിയാണ് പിണയുന്നതെങ്കിൽ രണ്ടാം സ്ഥാനക്കാർക്കുള്ള മെഡലണിയനുള്ള ക്രൊയേഷ്യൻ നിരയിലും കാലിനിച്ചുണ്ടാവില്ല..