തെന്നിന്ത്യ മുഴുവൻ തരംഗമായ ‘യാത്ര’യിൽ ഇനി മമ്മൂട്ടിക്കൊപ്പം വിജയിയും..
ഇന്ത്യ കണ്ട ഏറ്റവും വലിയ ജനകീയ നേതാക്കളിലൊരാളായ വൈ എസ് രാജശേഖരറെഡ്ഡിയായി മമ്മൂട്ടി എത്തുന്ന ചിത്രം യാത്രയിൽ മമ്മൂട്ടിയുടെ മകനായി തെലുങ്ക് താരം വിജയ് ദേവരകൊണ്ട എത്തുന്നു. ചിത്രത്തിൽ മമ്മൂട്ടിയുടെ പിതാവായി എത്തുന്നത് പുലിമുരുകൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ ജഗപതി ബാബുവാണ്. മാഹി രാഘവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസറിനും പോസ്റ്ററുകൾക്കും രാജ്യമാകെ ആവേശ വരവേല്പാണ് ലഭിച്ചത്.
ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി എത്തുന്നത് നയൻ താരയാണ്. ഹൈദരാബാദിൽ ആരംഭിച്ച ഷൂട്ടിങ്ങിൽ മമ്മൂട്ടിയെ ഏറെ ആവേശത്തോടെയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ സ്വീകരിച്ചത്. ഒരു കാലത്തെ മലയാളി പ്രേക്ഷകരുടെ ഇഷ്ട താരജോഡികൾ മമ്മൂട്ടിയും സുഹാസിനിയും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 80, 90 കാലഘട്ടങ്ങളിൽ മലയാള സിനിമയിൽ നിറഞ്ഞ സാന്നിധ്യമായിരുന്ന ഇരുവരും നീണ്ട ഇടവേളയ്ക്ക് ശേഷം വെള്ളിത്തിരയിൽ ഒന്നിക്കുമ്പോൾ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
ആന്ധ്രപ്രദേശിന്റെ മുന്‍ മുഖ്യമന്ത്രിയായിരുന്ന രാജശേഖര്‍ റെഡ്ഡിയുടെ ജീവിതമാണ് സിനിമയില്‍ ആവിഷ്കരിക്കുന്നത്. രണ്ടാം തവണയും മുഖ്യമന്ത്രിയായിരിക്കെ ഉണ്ടായ ഹെലികോപ്റ്റർ ദുരന്തത്തിലാണ് വൈ എസ് ആർ കൊല്ലപ്പെട്ടത്. അടുത്ത വർഷം ജനുവരിയിൽ തിയേറ്ററുകളിൽ എത്തുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് വിജയ് ചില്ലയാണ്.