കൈയ്യടി നേടി കെ ടി ഡി സി; സ്ത്രീകൾക്ക് ആശ്വാസമായി പുതിയ പദ്ധതി…

July 25, 2018

സംസ്ഥാനത്തെ സ്ത്രീകൾക്ക് മാത്രമായി പ്രത്യേക പദ്ധതിയുമായി സംസ്ഥാന വിനോദ  സഞ്ചാര വികസന കോര്‍പ്പറേഷൻ. കേരത്തിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്ത് ആദ്യമായി സ്ത്രീകള്‍ക്കു വേണ്ടി ഒരു ഹോട്ടല്‍ എന്ന പുതിയ പദ്ധതിയുമായി കെ ടി ഡി സി മുന്നോട്ട് വന്നത്. തലസ്ഥാന നഗരിയിലെ  തമ്പാനൂരുള്ള കെടിഡിഎഫ്സി ക്ലോംപ്ലക്സിലാണ് സ്ത്രീകള്‍ക്ക് മാത്രമായി  ഹോട്ടല്‍ ആരംഭിക്കുന്നത്.  ഹോസറ്റസ് എന്ന് പേരിട്ടിരിക്കുന്ന  ഹോട്ടൽ സ്ത്രീകളുടെ നേതൃത്വത്തിലുള്ളതായിരിക്കും.

തമ്പാനൂര്‍ ബസ് ടെര്‍മിനലിലും റെയില്‍വേ സ്റ്റേഷനിലും ഒറ്റയ്ക്കെത്തുന്ന സ്ത്രീകള്‍ക്ക് സഹായമാകുക എന്ന ഉദ്ദേശത്തോടെ ഇവയ്ക്ക് അടുത്തതായാണ് ഹോട്ടൽ പ്രവർത്തനം ആരംഭിക്കുന്നത്.ലോക്കര്‍ സൗകര്യം, ചെക്ക് ഇന്‍-ചെക്ക് ഔട്ട് ഉള്‍പ്പെടെ അത്യാധുനിക സൗകര്യങ്ങള്‍, ലോണ്‍ഡ്രി, ഫിറ്റ്‌നസ്, മൈക്രോവേവ് ഓവന്‍ സൗകര്യങ്ങള്‍ എന്നിവ ലഭ്യമാകുന്ന ഹോട്ടലില്‍ സ്ത്രീകള്‍ മാത്രമായിരിക്കും ജീവനക്കാര്‍. മുറിക്ക് പ്രതിദിനം 1500 രൂപയും, ഡോർമെറ്ററിക്ക് 500 രൂപയും ആയിരിക്കും വടകയായി നൽകേണ്ടി വരുക.

ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനായിരിക്കും പുതിയ പദ്ധതി ഉദ്ഘാടനം ചെയുന്നത്. ആറ് മാസത്തിനുള്ളില്‍ പുതിയ പദ്ധതിയുടെ പ്രവര്‍ത്തനമാരംഭിക്കുമെന്നും സംസ്ഥാന വിനോദ സഞ്ചാര വികസന കോര്‍പ്പറേഷൻ അധികൃതർ അറിയിച്ചു.