മലയാള സിനിമയെ അനശ്വരമാക്കിയ സ്ത്രീ നായകന്മാരെ കാണാം…..

July 1, 2018

മലയാള സിനിമയിൽ ശ്രദ്ധേയമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച നായകന്മാർ ഏറെയാണ്. വ്യത്യസ്തമായ അവതരണ ശൈലികൊണ്ടും അഭിനയ മികവുകൊണ്ടും മലയാള സിനിമയെ അനശ്വരമാക്കിയ ഈ പ്രതിഭകൾ യഥാർത്ഥ സ്ത്രീ കളെ വെല്ലുന്ന പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. പുതിയ ചിത്രം ചാണക്യതന്ത്രം, ഞാൻ മേരിക്കുട്ടി എന്നീ സിനിമകളിൽ , ഉണ്ണിമുകുന്ദൻ, ജയസൂര്യ എന്നിവർ  അതിശയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ച്ചവെച്ചിരിക്കുന്നത് എന്നതിൽ സംശയമില്ല. മലയാള സിനിമയിൽ സ്ത്രീ  കഥാപാത്രങ്ങളെയും ട്രാൻസ്‍ജെൻഡറെയും അവതരിപ്പിച്ച നായകന്മാരെ പരിചയപ്പെടാം…

തിലകൻ

മലയാള സിനിമയുടെ എക്കാലത്തെയും മികച്ച അഭിനേതാക്കളിൽ ഒരാളാണ് തിലകൻ. നിരവധി സിനിമകളിലൂടെ ജനശ്രദ്ധയാകർഷിച്ച താരം മുഖ്യ കഥാപാത്രമായും വില്ലനായും ഹാസ്യ നടനായുമെല്ലാം അരങ്ങിൽ തകർത്താടി. ഒരായുസുമുഴുവൻ സിനിമയിൽ ജീവിച്ച അദ്ദേഹത്തിന്റെ അവസാന ചിത്രങ്ങളിലൊന്നാണ് ‘അർദ്ധനാരീശ്വരൻ’. ഒരേസമയം  സ്ത്രീയായും പുരുഷനായും ചിത്രത്തിൽ വേഷമിട്ട അദ്ദേഹത്തിന്റെ അഭിനയ മികവ് തികച്ചും അഭിനന്ദാർഹമാണ്.

കൃഷ്ണ


തില്ലാന തില്ലാന എന്ന ചിത്രത്തിലെ ശ്രീലക്ഷ്മി  എന്ന കഥാപത്രത്തിലൂടെ പ്രേക്ഷക മനസുകളിൽ ഇടം നേടിയ വ്യക്തിയാണ് കൃഷ്ണ. 2003 ൽ റിലീസായ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ടി എസ് സജിയാണ്. ബോബി എന്ന ചെറുപ്പക്കാരൻ ശ്രീലക്ഷ്മി എന്ന  കോളേജ് വിദ്യാർത്ഥിനിയുടെ വേഷത്തിലെത്തുന്ന ചിത്രത്തിൽ മികച്ച അഭിനയമാണ് കൃഷ്ണ കാഴ്ചവെച്ചിരിക്കുന്നത്.

ദിലീപ്


നിരവധി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ജനപ്രിയ നടനായി മാറിയ ദിലീപ് ‘മായാമോഹിനി’  എന്ന ചിത്രത്തിലൂടെ മോഹിനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് വളരെ പ്രശംസ നേടിയിരുന്നു. രൂപത്തിലും ഭാവത്തിലുമെല്ലാം സ്ത്രീയെ വെല്ലുന്ന അഭിനയമാണ് ദിലീപിന്റേത്.

ജഗതി


മലയാളത്തിന്റെ എക്കാലത്തെയും മികച്ച ഹാസ്യനടനായ ജഗതി ശ്രീകുമാർ സ്‌ത്രീ വേഷത്തിലെത്തി പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച ചിത്രമാണ് കിലുക്കം കിലു കിലുക്കം. ഹാസ്യനടനായും വില്ലനായും മുഖ്യകഥാപാത്രമായുമെല്ലാം അരങ്ങു  ഗംഭീരമാക്കിയ പ്രതിഭ തന്റെ കൈയ്യിൽ വരുന്ന എല്ലാ കഥാപാത്രങ്ങൾക്കും തനതായ ഒരു ശൈലി നൽകിയിരുന്നു.

ജയസൂര്യ


ഞാൻ മേരിക്കുട്ടി എന്ന ചിത്രത്തിൽ ട്രാൻസ്ജെന്ററായി വന്ന  പ്രതിഭ, നിരവധി സിനിമകളിലെ പ്രകടനങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം നേടിയ താരമാണ്. പുരുഷനായി ജനിക്കുകയും പിന്നീട് സ്ത്രൈണ സ്വഭാവം കൈവരുകയും ചെയ്യുന്ന വ്യക്തി നേരിടുന്ന  വെല്ലുവിളികളും പരിഹാസങ്ങളും പ്രമേയമാക്കിയാണ് ഞാൻ മേരിക്കുട്ടി എന്ന സിനിമ ചിത്രീകരിച്ചിരിക്കുന്നത്.

jayasoorya marykutty

ഉണ്ണിമുകുന്ദൻ


ഉണ്ണിമുകുന്ദനെ നായകനാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന  പുതിയ ചിത്രമാണ് ചാണക്യതന്ത്രം.  പുതിയ ചിത്രത്തിലൂടെ മലയാള സിനിമയുടെ മസിൽമാൻ എന്നറിയപ്പെട്ടിരുന്നതാരം സ്ത്രീ വേഷത്തിലെത്തുകയാണ്.  ഉണ്ണി മുകുന്ദൻ  ആദ്യമായി സ്ത്രീ വേഷത്തിലെ ത്തുന്ന ചിത്രമെന്ന നിലയിൽ റിലീസിന് മുന്നേ തന്നെ  ചാണക്യതന്ത്രം വാർത്തകളിൽ ഇടം നേടിയിരുന്നു.

ഈ പ്രമുഖ താരങ്ങൾക്ക് പുറമെ മണിയൻപിള്ള രാജു, ഇന്നസെന്റ്, മനോജ് കെ ജയൻ കലാഭവൻ മണി, ഹരിശ്രീ അശോകൻ , ജയറാം തുടങ്ങി നിരവധി താരങ്ങളും ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാള സിനിമയിൽ വ്യത്യസ്ഥത പുലർത്തിയവരാണ്.