പേടിപ്പിക്കാൻ ‘നീലി’ എത്തുന്നു.. ചിത്രം തിയേറ്ററുകളിലേക്ക്…

July 29, 2018

നവാഗതനായ അൽത്താഫ് റഹ്മാൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം  നീലി’ തിയേറ്ററുകളിലേക്ക്. ചിത്രം ആഗസ്റ്റ് 10 നായിരിക്കും തിയേറ്ററുകളിലെത്തുക. കഴിഞ്ഞ ദിവസം മമ്മൂട്ടിയാണ് നീലിയുടെ ട്രെയിലര്‍ ഫെയ്‌സ്ബുക് പേജിലൂടെ  റിലീസ് ചെയ്തത്. മംമ്താ മോഹൻദാസ് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ നായകനായി എത്തുന്നത് അനൂപ് മേനോൻ ആണ്. ചിത്രത്തിൽ ബാബുരാജ്,  മാറിമായം ശ്രീകുമാർ, സിനിൽ സൈനുദ്ദീൻ  എന്നിവരും  പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. റിയാസ് മാരാത്ത്, മുഹമ്മദുണ്ണി എന്നിവർ ചേർന്ന് തിരക്കഥ തയ്യാറാക്കിയിട്ടുള്ള ചിത്രം നിർമ്മിച്ചിരിക്കുന്നത് സൺ ആൻറ് ഫിലിംസിന്റെ ബാനറിൽ ഡോക്ടർ സുന്ദർ മേനോൻ ആണ്.

തോർത്ത് എന്ന ഷോർട്ട് ഫിലിമിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയ അൽത്താഫ് സിനിമ  സംവിധായക രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച  ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ചിത്രത്തില്‍ മമ്ത ഒരു സ്പീച്ച് തെറാപ്പിസ്റ്റായാണ് എത്തുന്നത്. ആറേഴു വയസുള്ള ഒരു മകളുമുള്ള വിധവയാണ് ഈ കഥാപാത്രം. മമ്തയുടെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം പ്രധാനമായും മുന്നേറുന്നത്. അനൂപ് മേനോന്‍ ചിത്രത്തില്‍ ഒരു പാരാ നോര്‍മല്‍ ഗവേഷകന്റെ കഥാപാത്രമായാണ് എത്തുന്നത്.

ചിത്രത്തിലെ  ‘ചാഞ്ചക്കം..ചാഞ്ചക്കം .. ‘ എന്ന് തുടങ്ങുന്ന മനോഹരമായ ഗാനം കഴിഞ്ഞ ദിവസം  പുറത്തിറങ്ങിയിരുന്നു. മലയാളികളുടെ പ്രിയപ്പെട്ട നടി മഞ്ജു വാര്യരാണ് ഗാനം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ‘എൻ അൻപേ…’ എന്ന് തുടങ്ങുന്ന ഗാനവും  സോഷ്യൽ  മീഡിയയിൽ തരംഗമായിരുന്നു.  ബോംബെ ജയശ്രീ ആലപിച്ച് ഹരി നാരായണൻ രചന നിർവഹിച്ച ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ശരത്താണ്.