ടൊവിനോ ചിത്രം ‘മറഡോണ’ തിയേറ്ററുകളിലേക്ക്; റിലീസ് വൈകിപ്പിച്ചതിന്റെ കാരണം വ്യക്തമാക്കി ചിത്രത്തിന്റെ അണിയറപ്രവർത്തകർ
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ടൊവിനോ തോമസ് ചിത്രം ‘മറഡോണ’ തിയേറ്ററുകളിലേക്ക്. ഇന്ന് തിയേറ്ററുകളിലെത്തുന്ന ചിത്രം നേരത്തെ നിരവധി തവണ റിലീസ് ചെയ്യാൻ ഒരുങ്ങിയെങ്കിലും പിന്നീട് തിയതി മാറ്റുകയായിരുന്നു. എന്നാൽ ചിത്രം വൈകിപ്പിച്ചതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തുകയാണ് ഇപ്പോൾ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ചിത്രത്തിൽ കഥാപാത്രങ്ങളായി എത്തുന്ന എയ്ഞ്ചൽ എന്ന വെളുത്ത പ്രാവും റാമ്പോ എന്ന നായക്കുട്ടിയുമാണ് ചിത്രത്തിന്റെ റിലീസിങ് തിയതി വൈകിപ്പിക്കാൻ കാരണമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.
വന്യ മൃഗ സംരക്ഷണ നിയമ പ്രകാരം സിനിമയിലെ പ്രാവിന്റെ ദൃശ്യങ്ങൾക്ക് അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ വിലക്കേർപ്പെടുത്തിയിരുന്നു. നായകുട്ടിയുടെ കാര്യത്തിലും വിലക്ക് ഉണ്ടായിരുന്നു. എന്നാൽ എയ്ഞ്ചൽ ഡൊമസ്റ്റിക് ബേർഡാണ് എന്ന കാരണം കാട്ടി പിന്നീട് വിലക്ക് പിൻവലിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് ചിത്രം ഇപ്പോൾ റിലീസ് ചെയ്യുന്നത്.
ദിലീഷ് പോത്തൻ, ആഷിഖ് അബു, സമീർ താഹിർ എന്നിവർക്കൊപ്പം സഹ സംവിധായകനായി പ്രവർത്തിച്ചിരുന്ന വിഷ്ണു നാരായണൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് മറഡോണ. റൊമാന്റിക് ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ പുതുമുഖ താരം ശരണ്യ ആർ നായരാണ് ടൊവിനോയുടെ നായികയായി എത്തുന്നത്. മിനി സ്റ്റുഡിയോയുടെയും വിനോദ് പ്രൊഡക്ഷന്സിന്റെയും ബാനറിൽ വിനോദ് കുമാർ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് കൃഷ്ണമൂർത്തിയാണ്.
ചെമ്പൻ വിനോദ്, ടിറ്റോ ജോസ്, ലിയോണ ലിഷോയ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫുട്ബാൾ ഇതിഹാസം മറഡോണയുടെ പേരാണ് ചിത്രത്തിനും നൽകിയിരിക്കുന്നതെങ്കിലും ഫുട്ബോളുമായി യാതൊരു ബന്ധവുമില്ലാത്ത കഥയാണ് ചിത്രം പറയുന്നതെന്ന് സംവിധായകൻ പറഞ്ഞു.